ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ മാക്‌സ്‌വെല്ലിന് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട് 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ആരാധകര്‍ കാത്തിരിക്കുന്നത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ (Glenn Maxwell) ബാറ്റിംഗ് കാണാനായാണ്. വൈകി സ്‌ക്വാഡിനൊപ്പം ചേര്‍ന്ന മാക്‌സിക്ക് എപ്പോള്‍ കളിക്കാനാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. മാക്‌സ്‌വെല്ലിന്‍റെ ലഭ്യതയുടെ കാര്യത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആര്‍സിബി (RCB) മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ ( Mike Hesson). 

എന്നാല്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ മാക്‌സ്‌വെല്ലിന് കളിക്കാനാവില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മാര്‍ഗനിര്‍ദേശങ്ങളാണ് കാരണം. ഏപ്രില്‍ ആറിന് മുമ്പ് ഓസീസ് കരാറുള്ള താരങ്ങളാരും പ്ലേയിംഗ് ഇലവനിലെത്തരുത് എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ ഈമാസം ഒന്‍പതാം തിയതി മുതല്‍ ആര്‍സിബി കുപ്പായത്തില്‍ കളിക്കാന്‍ മാക്‌സിയുണ്ടാവും. ഏപ്രില്‍ ഒന്‍പതിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ബാംഗ്ലൂരിന്‍റെ മത്സരം. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി. 

ഐപിഎല്‍ പതിനഞ്ചാം സീസണിലെ മെഗാതാരലേലത്തിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. കഴിഞ്ഞ സീസണില്‍ ആര്‍സിബിയില്‍ കൂടുതല്‍ റണ്‍സ് നേടിയത് മാക്‌സിയായിരുന്നു. 14 ഇന്നിംഗ്‌സുകളില്‍ 513 റണ്‍സ് ഓസീസ് ഓള്‍റൗണ്ടര്‍ അടിച്ചുകൂട്ടി. ആറ് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയായിരുന്നു ഇത്. ഐപിഎല്‍ 2021 സീസണില്‍ 16 ഓവര്‍ എറിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് ലഭിച്ചു. 

മുംബൈയിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളി തുടങ്ങുക. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂ‍ർ കഴിഞ്ഞ കളിയില്‍ കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തിയിരുന്നു. നായകൻ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചില്ലെങ്കിൽ ബംഗ്ലൂർ വിയർക്കും. വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിർണായകമാകും.

IPL 2022 : യുവതാരം പുറത്തേക്ക്? രാജസ്ഥാന്‍ റോയല്‍സില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത