ദിനേശ് കാർത്തിക്കിന്റെ മിന്നലാട്ടങ്ങൾ മാറ്റിനിർത്തിയാൽ ആ‍‍ർസിബി മധ്യനിര മിക്കപ്പോഴും ആടിയുലഞ്ഞു

അഹമ്മദാബാദ്: ഐപിഎല്ലിൽ(IPL) ആദ്യ കിരീടത്തിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ(Royal Challengers Bangalore) ഇനിയും കാത്തിരിക്കണം. ഇത്തവണ മുംബൈ ഇന്ത്യന്‍സിന്‍റെ(Mumbai Indians) സഹായത്തോടെ പ്ലേഓഫിലെത്തിയിട്ടും ബാംഗ്ലൂരിന്(RCB) ഫൈനലിൽ എത്താൻ പോലുമായില്ല. ഇക്കുറി രണ്ടാം ക്വാളിഫയറില്‍(RR vs RCB Qualifier 2) രാജസ്ഥാന്‍ റോയല്‍സാണ്(Rajasthan Royals) ആര്‍സിബിക്ക് മടക്ക ടിക്കറ്റ് കൊടുത്തത്.

വിരാട് കോലിയുടെ സ്വന്തം ടീം, എ ബി ഡിവിലിയേഴ്സും ക്രിസ് ഗെയ്‌ലും തകർത്തടിച്ച ടീം, ഫാഫ് ഡുപ്ലെസിയെയും ഗ്ലെന്‍ മാക്സ്‍വെല്ലിനെയും അണിനിരത്തിയ ടീം... വമ്പൻ താരങ്ങൾ മാറിമാറി വന്നുപോയെങ്കിലും ഇത്തവണയും ഐപിഎൽ കിരീടത്തിൽ തൊടാൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഭാഗ്യമുണ്ടായില്ല. വിരാട് കോലിയുടെ മങ്ങിയ പ്രകടനം തന്നെയായിരുന്നു ബാംഗ്ലൂരിന്റെ ഏറ്റവും വലിയ തിരിച്ചടി. കരിയറിലാദ്യമായി മൂന്ന് ഗോൾഡൺ ഡക്കായ കോലിയുടെ പേരിനൊപ്പമുള്ളത് രണ്ടു അർധസെഞ്ചുറി മാത്രം. 32 ഫോറും എട്ട് സിക്സുമടക്കം സീസണിൽ 341റൺസ് മാത്രമാണ് കോലിയുടെ സമ്പാദ്യം. 

ക്യാപ്റ്റൻ ഡുപ്ലെസിക്കും സിഎസ്കെയിലെ മികവിലേക്ക് എത്താനായില്ല. ദിനേശ് കാർത്തിക്കിന്റെ മിന്നലാട്ടങ്ങൾ മാറ്റിനിർത്തിയാൽ ആ‍‍ർസിബി മധ്യനിര മിക്കപ്പോഴും ആടിയുലഞ്ഞു. ബൗളിംഗ് നിരയായിരുന്നു എല്ലാക്കാലത്തും ബാംഗ്ലൂരിന്റെ വഴികളടയ്ക്കുന്നത്. ഇക്കുറിയും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. 2009ലും 2011ലും 2016ലും ഫൈനലിൽ എത്തിയത് മാത്രമാണ് ഐപിഎല്ലില്‍ പതിനഞ്ച് സീസണുകള്‍ ടീം പൂര്‍ത്തിയാക്കിയപ്പോള്‍ ബാംഗ്ലൂരിന് ആശ്വസിക്കാനുള്ളത്. 

ഇത്തവണ രണ്ടാം ക്വാളിഫയറില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായത്. ആര്‍സിബിക്കെതിരെ ജോസ് ബട്‌ലറുടെ ഇടിവെട്ട് സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലെത്തിയത്. 

തകർത്തടിച്ച് തുടങ്ങിയ യശസ്വീ ജയ്സ്വാൾ 21ൽ വീണെങ്കിലും ജോസ് ബട്‍ലർ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. 60 പന്തിൽ 10 ഫോറും ആറ് സിക്‌സും പറത്തിയ ബട്‍ലർ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസണെ 23ലും ദേവ്ദത്ത് പടിക്കലിനെ ഒൻപതിലും മടക്കിയെങ്കിലും ബാംഗ്ലൂരിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയുമാണ് ബാംഗ്ലൂരിനെ 157ൽ പിടിച്ചുകെട്ടിയത്. 58 റൺസെടുത്ത രജത് പടിദാറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. വിരാട് കോലി ഏഴ് റൺസിന് പുറത്തായി. അഹമ്മദാബാദിൽ നാളെയാണ് രാജസ്ഥാൻ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരാട്ടം.

IPL 2022 : 'ഷെയ്‌ന്‍ വോണ്‍ ഏറെ അഭിമാനത്തോടെ ഞങ്ങളെ കാണും'; കണ്ണുനനച്ച് ജോസ് ബട്‌ലറുടെ വാക്കുകള്‍