ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്‍റെ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് പഞ്ചാബ് കിംഗ്സ് അധികൃതർ

മൊഹാലി: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് പഞ്ചാബ് കിംഗ്സിന് ആശങ്ക. ഇംഗ്ലീഷ് സ്റ്റാർ ബാറ്റർ ജോണി ബെയ്ർസ്റ്റോ കളിക്കുന്ന കാര്യം സംശയത്തിലാണ്. ലീഗ് തുടങ്ങാന്‍ മൂന്നാഴ്ച മാത്രം അവശേഷിക്കേ താരത്തിനുള്ള മെഡിക്കല്‍ ക്ലിയറന്‍സ് ഇതുവരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്‍റെ ഭാഗത്തുനിന്ന് ടീമിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ഏറ്റ പരിക്കില്‍ നിന്ന് താരം മുക്തനായാണ് സൂചന. ട്രാക്കില്‍ ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ അദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്‍റെ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് പഞ്ചാബ് കിംഗ്സ് അധികൃതർ. 2022 സെപ്റ്റംബറില്‍ ഗോള്‍ഫ് കളിക്കുന്നതിന് ഇടയിലാണ് ബെയ്ർസ്റ്റോയുടെ ഇടംകാലിലെ കുഴയ്ക്ക് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. യോർക്ക്‍ഷെയറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ താരം തെന്നിവീഴുകയായിരുന്നു. ഇതിന് ശേഷം താരം ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ ട്വന്‍റി 20 ലോകകപ്പും പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ ബെയ്ർസ്റ്റോയ്ക്ക് നഷ്ടമായിരുന്നു. 

2022ലെ മെഗാ താരലേലത്തില്‍ 6.75 കോടി രൂപ മുടക്കി സ്വന്തമാക്കിയ ജോണി ബെയ്ർസ്റ്റോയെ പഞ്ചാബ് കിംഗ്സ് വരും സീസണിലേക്ക് നിലനിർത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 11 കളികളില്‍ 253 റണ്‍സേ നേടാനായുള്ളൂവെങ്കിലും പ്രഹരശേഷിയാണ് ബെയ്ർസ്റ്റോയുടെ പ്രത്യേകത. മാർച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

പഞ്ചാബ് കിംഗ്സ് സ്ക്വാഡ്: അർഷ്ദീപ് സിംഗ്, ശിഖർ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയ്ർസ്റ്റോ, ഷാരൂഖ് ഖാന്‍, ഹർപ്രീത് ബ്രാർ, പ്രഭ്‍സിമ്രാന്‍ സിംഗ്, ജിതേഷ് ശർമ്മ, രാഹുല്‍ ചഹാർ, ലയാം ലിവിംഗ്സ്റ്റണ്‍, രാജ് ബാവ, റിഷി ധവാന്‍, ബല്‍തേജ് ദാണ്ട, നേഥന്‍ എല്ലിസ്, അഥർവ ടൈഡേ, ഭാനുക രജപക്സെ, സാം കറന്‍, സിക്കന്ദർ റാസ, ഹർപ്രീത് ഭാട്ട്യ, വിദ്വത് കവരെപ്പ, മൊഹിത് രാത്തേ, ശിവം സിംഗ്.