Asianet News MalayalamAsianet News Malayalam

ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിന് എത്തിയിരിക്കുന്നത് പരിക്കുമായി; സിഎസ്‌കെയ്‌ക്ക് ആശങ്ക

ഇടത് കാല്‍മുട്ടിലെ പരിക്ക് ന്യൂസിലന്‍ഡ് പര്യടനത്തിനിടയിലും ബെന്‍ സ്റ്റോക്‌സിനെ വലച്ചിരുന്നു

IPL 2023 Injured Ben Stokes not bowl for CSK in first matches JJE
Author
First Published Mar 28, 2023, 4:42 PM IST

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എക്കാലത്തേയും വിലയേറിയ താരമായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് സീസണിലെ ആദ്യ മത്സരങ്ങളില്‍ പന്ത് എറിഞ്ഞേക്കില്ല. ആഷസ് മുന്‍നിര്‍ത്തി വര്‍ക്ക് ലോഡ് ക്രമീകരിക്കാനും ഇടത് കാല്‍മുട്ടിലെ പരിക്ക് ഗുരുതരമാകാതിരിക്കാനുമുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് ഈ നീക്കം. സ്‌പെഷ്യലിസ്റ്റ് ബാറ്ററായാവും ബെന്‍ സ്റ്റോക്‌സ് ഐപിഎല്‍ 16-ാം സീസണ്‍ തുടങ്ങുക. ലീഗിലെ അവസാന ഘട്ട മത്സരങ്ങളില്‍ സ്റ്റോക്‌സ് പന്തെറിഞ്ഞേക്കും എന്നാണ് പ്രതീക്ഷ. 

ഇടത് കാല്‍മുട്ടിലെ പരിക്ക് ന്യൂസിലന്‍ഡ് പര്യടനത്തിനിടയിലും ബെന്‍ സ്റ്റോക്‌സിനെ വലച്ചിരുന്നു. ഇതോടെ കാല്‍മുട്ടിന് ഇ‌ഞ്ചക്ഷന്‍ എടുത്താണ് സ്റ്റോക്‌സ് ഐപിഎല്ലിന് ഇറങ്ങുന്നത്. കിവികള്‍ക്കെതിരായ രണ്ട് ടെസ്റ്റുകളിലായി 9 ഓവര്‍ മാത്രമാണ് സ്റ്റോക്‌സ് എറി‌ഞ്ഞത്. ഇതിന് ശേഷം താരം സ്‌കാനിംഗിന് വിധേനയെങ്കിലും പരിക്ക് ഗുരുതരമല്ല. 

'ബാറ്റര്‍ എന്ന നിലയില്‍ സ്റ്റോക്‌സ് സീസണ്‍ തുടങ്ങും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബൗളിംഗ് എന്താകുമെന്ന് കാത്തിരുന്ന് കാണണം. ഞായറാഴ്‌ച കുറച്ച് പന്തുകള്‍ സ്റ്റോക്‌സ് എറിഞ്ഞിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ഏറെ പന്തെറിയേണ്ട എന്നാണ് സ്റ്റോക്‌സിന്‍റെ തീരുമാനം എന്ന് മനസിലാക്കുന്നു. ആഴ്‌ചകള്‍ക്ക് ശേഷം അദേഹം ചിലപ്പോള്‍ ബൗളിംഗ് ആരംഭിച്ചേക്കും' എന്നും സിഎസ്‌കെ ബാറ്റിംഗ് പരിശീലകനായ മൈക്കല്‍ ഹസി വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. 

ബെന്‍ സ്റ്റോക്‌സിന്‍റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിലും പരിക്ക് ഗുരുതരമാകാതിരിക്കാനും സിഎസ്‌കെ ഫിസിയോമാര്‍ പരിശ്രമിക്കുന്നുണ്ട്. ഇത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം, സിഎസ്‌കെ കോച്ചും മുന്‍ സഹതാരവുമായ സ്റ്റീഫന്‍ ഫ്ലെമിംഗുമായും നിരന്തരം സംസാരിച്ചുവരികയാണ്. സ്റ്റോക്‌സ് പന്ത് എറിയാത്തത് ആദ്യ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയായേക്കും. 

സിഎസ്കെയ്‌ക്കും ആര്‍സിബിക്കും ലങ്കന്‍ താരങ്ങളുടെ കാര്യത്തില്‍ വലിയ ആശ്വാസം

Follow Us:
Download App:
  • android
  • ios