ഈ സീസണോടെ സിഎസ്‌കെയുടെ വിഖ്യാതമായ മഞ്ഞക്കുപ്പായം ധോണി അഴിക്കുമെന്നാണ് ഫ്രാഞ്ചൈസിയുടെ കണക്കുകൂട്ടല്‍

ചെന്നൈ: ഐപിഎല്‍ 2023 സീസണ്‍ ഇതിഹാസ താരം എം എസ് ധോണിയുടെ അവസാന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണായേക്കും. ചെപ്പോക്കിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ച് ഐപിഎല്ലിലെ ഐതിഹാസിക കരിയറിന് ധോണി വിരാമമിട്ടേക്കും എന്നാണ് റിപ്പാര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ധോണിയോ ചെന്നൈ സൂപ്പര്‍ കിംഗ്‌‌സോ നടത്തിയിട്ടില്ല. 

ഈ സീസണോടെ സിഎസ്‌കെയുടെ വിഖ്യാതമായ മഞ്ഞക്കുപ്പായം ധോണി അഴിക്കുമെന്നാണ് ഫ്രാഞ്ചൈസിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ തന്‍റെ അവസാന സീസണാണ് ഇതെന്ന് ധോണി സിഎസ്‌കെ മാനേജ്‌മെന്‍റിനെ ധരിപ്പിച്ചിട്ടില്ല. സീസണ്‍ ആരംഭിക്കും മുമ്പ് തന്‍റെ തീരുമാനം ധോണി അറിയിക്കും എന്നാണ് സിഎസ്‌കെ മാനേജ്‌മെന്‍റ് കരുതുന്നത്. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഹോം മത്സരങ്ങള്‍ തിരിച്ചെത്തുന്നതോടെ വിരമിക്കാന്‍ ഉചിതമായ സമയമാകും വരും സീസണ്‍ എന്നാണ് ധോണിയുടെ വിലയിരുത്തല്‍. 'ധോണിയുടെ അവസാന ഐപിഎല്‍ സീസണാകും ഇതെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. തന്‍റെ ഇഷ്‌ട മൈതാനത്ത് വച്ച് ഗുഡ്‌ബൈ പറയുക. എന്തായാലും ഇക്കാര്യത്തില്‍ വ്യക്തത ഐപിഎല്‍ തുടങ്ങുന്നതോടെയുണ്ടാകും' എന്നും സിഎസ്‌കെ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. 'ധോണി തന്‍റെ തീരുമാനം ഞങ്ങളെ അറിയിച്ചിട്ടില്ല. എന്നാല്‍ ഉടന്‍ വിരമിക്കല്‍ തീരുമാനമെടുക്കാന്‍ അദേഹത്തിന് മുകളില്‍ സമ്മര്‍ദങ്ങളൊന്നുമില്ല. ധോണിയുടെ ഞങ്ങളുടെ നായകനാണ്. ടീമിന് ഏറ്റവും നല്ലത് മാത്രമേ അദേഹം ചെയ്യുകയുള്ളൂ. വരും സീസണിന് അപ്പുറത്തേക്ക് കളിക്കണം എന്നാണ് തീരുമാനം എങ്കില്‍ ധോണിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും' സിഎസ്‌കെ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു. 

ഇത്തവണത്തെ മിനി താരലേലത്തിലൂടെ ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത് ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ പിന്‍ഗാമിയായാണ് എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. സ്റ്റോക്‌സിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മാനേജ്‌മെന്‍റ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. സ്റ്റോക്‌സ് മാച്ച് വിന്നറാണെന്നും നല്ലൊരു നായകനാണ് എന്നും മാനേജ്‌മെന്‍റ് പ്രശംസിച്ചതാണ്. സീസണില്‍ കളിക്കാന്‍ ലഭ്യമാകുന്നതും ടീം കോംപിനേഷനും അനുസരിച്ചായിരിക്കും ധോണിയുടെ പിന്‍ഗാമിയെ സിഎസ്‌കെ തീരുമാനിക്കുക. 16.25 കോടി മുടക്കിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും മികച്ച നായകനുമായ ധോണി 234 മത്സരങ്ങളില്‍ 4978 റണ്‍സ് നേടിയിട്ടുണ്ട്. നാല് തവണ ചെന്നൈ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ. 

ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റിന്‍റെ വേദി മാറും; നറുക്കുവീഴുക ഈ നഗരത്തിന്