ദേശീയ ടീം പരിശീലകനായുള്ള മികച്ച റെക്കോര്‍ഡിന്‍റെ കരുത്തിലാണ് ഇന്ത്യന്‍ ഇതിഹാസം പഞ്ചാബ് കിംഗ്‌സിന്‍റെ ചുമതലയേറ്റെടുത്തത്

മൊഹാലി: ഇതിഹാസ സ്‌പിന്നര്‍ അനിൽ കുംബ്ലെയെ പഞ്ചാബ് കിംഗ്‌‌സ് ടീം പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ ധാരണ. ഓയിന്‍ മോര്‍ഗന്‍ അടക്കമുള്ളവരാണ് പകരം പരിഗണനയിൽ. പരിശീലകരോടും നായകന്മാരോടും ഒട്ടും ദയ കാട്ടാത്ത പഞ്ചാബ് കിംഗ്സ് ഉടമകള്‍ അനിൽ കുംബ്ലെയുടെ സേവനവും മതിയാക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ദേശീയ ടീം പരിശീലകനായുള്ള മികച്ച റെക്കോര്‍ഡിന്‍റെ കരുത്തിലാണ് അനില്‍ കുംബ്ലെ പഞ്ചാബ് കിംഗ്‌സിന്‍റെ ചുമതലയേറ്റെടുത്തത്. എന്നാൽ പച്ച തൊടാന്‍ പഞ്ചാബിനായില്ല. കുംബ്ലെ മുഖ്യ പരിശീലകനായ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ താരലേലത്തിൽ മികച്ച പ്രകടനം നടത്തിയെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടും ടീം തെരഞ്ഞെടുപ്പിലെ അടക്കം പാളിച്ചകള്‍ കാരണം പ്ലേ ഓഫിൽ കടക്കാനായില്ല. ഇതോടെയാണ് കുംബ്ലെയുടെ കരാര്‍ നീട്ടേണ്ടെന്ന് ഉടമകൾ തീരുമാനിച്ചത്. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കിയ നായകന്‍ ഓയിന്‍ മോര്‍ഗന്‍, പരിശീലകന്‍ ട്രെവര്‍ ബെ‍യ്ലിസ് എന്നിവര്‍ക്ക് പുറമേ ഒരു മുന്‍ ഇന്ത്യന്‍ കോച്ചിനെയും പഞ്ചാബ് ടീമുടമകൾ സമീപിച്ചിട്ടുണ്ട്. ഇവരില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് വ്യക്തമല്ല. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം ടോം മൂഡിയുടെ കരാര്‍ അവസാനിച്ചെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് വൃത്തങ്ങള്‍ പറഞ്ഞു.

ഐപിഎല്ലിനുള്ള പ്രത്യേക വിന്‍ഡോ രണ്ട് മാസത്തില്‍ നിന്ന് 74 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മാര്‍ച്ച് പകുതിയോടെ ഐപിഎല്‍ തുടങ്ങാനും ജൂണ്‍ ആദ്യവാരം വരെ നീട്ടാനും ബിസിസിഐക്ക് കഴിയും. ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2023-2027ലെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം(എഫ്‌ടിപി)മില്‍ ഐപിഎല്‍ നടക്കുന്ന സമയത്ത് പ്രധാനപ്പെട്ട മറ്റ് ടൂര്‍ണമെന്‍റുകളൊന്നുമില്ലെന്നത് ഐസിസി വരുത്തിയിട്ടുണ്ട്. ഇതോടെ മറ്റ് രാജ്യങ്ങളുടെ പ്രധാനപ്പെട്ട കളിക്കാരെയെല്ലാം പൂര്‍ണമായും ഐപിഎല്ലിന് ലഭ്യമാക്കാന്‍ ബിസിസിഐക്കും ഐപിഎല്‍ ടീമുകള്‍ക്കും കഴിയും.

ദേശീയഗാനത്തിന് മുമ്പ് വായില്‍ നിന്ന് ചൂയിംഗം എടുത്തുമാറ്റി; കെ എല്‍ രാഹുലിനെ പ്രശംസകൊണ്ട് മൂടി ആരാധകര്‍