ദില്ലിയില്‍ വച്ച് ഒരു താരത്തെ കൂവാന്‍ ആരാധകരെ ഒരുതരത്തിലും അനുവദിക്കില്ല എന്ന കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍

ദില്ലി: ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയെ കൂവുകയാണ് ആരാധകർ. വാംഖഡെയിലെ ഹോം​ഗ്രൗണ്ടില്‍ വരെ മുംബൈ ഫാന്‍സ് പാണ്ഡ്യയെ കൂവി. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് അംഗീകരിക്കാന്‍ പറ്റാത്തതും പാണ്ഡ്യയുടെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതുമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ വച്ച് ഒരു താരത്തെയും കൂവാന്‍ ആരാധകരെ ഒരുതരത്തിലും അനുവദിക്കില്ല എന്ന കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍. 

'കളിക്കുന്ന ടീമുകള്‍ക്കെതിരെയോ താരങ്ങള്‍ക്കെതിരെ മോശമായി പെരുമാറുകയോ കൂവുകയോ ചെയ്യുന്ന ആർക്കെതിരെയും മുമ്പ് നടപടിയെടുത്ത ചരിത്രമില്ല. കാരണം, മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. എന്നാല്‍ താരങ്ങളെ കൂവുന്നതും അപമാനിക്കുന്നതും പോലുള്ള സംഭവങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല. അത്തരം സാഹചര്യങ്ങളുണ്ടായാല്‍ ആ സമയം കൃത്യമായ നടപടികള്‍ സ്വീകരിക്കും' എന്നുമാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് രോഹന്‍ ജെയ്റ്റ്‍ലി വാർത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വ്യക്തമാക്കിയത്. 

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. പാണ്ഡ്യയുടെ പേര് പ്രഖ്യാപിച്ചത് മുതല്‍ മുംബൈയുടെ ആരാധകർ പ്രതിഷേധത്തിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്യുന്ന ക്യാംപയിന്‍ ആരാധകർ നടത്തി. സീസണിലെ മത്സരങ്ങള്‍ ആരംഭിച്ചപ്പോഴാവട്ടെ മുംബൈ ഇന്ത്യന്‍സ് കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ കൂവി. വാംഖഡെയിലെ ഹോം​ഗ്രൗണ്ടില്‍ പോലും ആരാധകരുടെ കൂവലിന് അയവുണ്ടായിരുന്നില്ല. മുംബൈ കളിച്ച എല്ലാ മത്സരങ്ങളും തോല്‍ക്കുകയും ചെയ്തതോടെ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്ന ആവശ്യം ശക്തമാണ്. 

മുംബൈ ഇന്ത്യന്‍സിനെ നീണ്ട 10 സീസണുകളില്‍ രോഹിത് ശർമ്മ നയിച്ചിരുന്നു. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ ടീം ഉയർത്തി. അതേസമയം രണ്ട് സീസണ്‍ മുമ്പ് പുത്തന്‍ ക്ലബായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറിയ ഹാർദിക് പാണ്ഡ്യയെ തിരിച്ചുവരവില്‍ ക്യാപ്റ്റനാക്കിയത് ശരിയായില്ല എന്നാണ് ആരാധകരുടെ വാദം. 

Read more: സണ്‍റൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ഉപേക്ഷിക്കുമോ; കനത്ത ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം