പതിമൂന്നാം ഓവറില്‍ ദര്‍ശന്‍ നാല്‍ക്കണ്ടേയുടെ പന്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(31 പന്തില്‍ 33) പുറത്താവുമ്പോള്‍ 91 റണ്‍സ് മാത്രമായിരുന്നു ലഖ്നൗ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ അര്‍ധസെഞ്ചുറിയുടെയും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍റെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 31 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ 43 പന്തില്‍ 58 റണ്‍സടിച്ച മാര്‍ക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി ഉമേഷ് യാദവും ദര്‍ശന്‍ നാല്‍ക്കണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ ലഖ്നൗവിന് ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ക്വിന്‍റണ്‍ ഡി കോക്കിനെ(6) നഷ്ടമായി. പിന്നാലെ ദേവ്ദത്ത് പടിക്കലും(7) വീണതോടെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മാര്‍ക്കസ് സ്റ്റോയ്നിസും പ്രതിരോധത്തിലൂന്നി കളിച്ചു. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് മാത്രമാണ് ലഖ്നൗ നേടിയത്. ഇരുവരും ടെസ്റ്റ് കളി തുടര്‍ന്നതോടെ ലഖ്നൗവിന് ആദ്യ പത്തോവറില്‍ 74 റണ്‍സ് മാത്രമാണ് നേടാനായത്.
പതിമൂന്നാം ഓവറില്‍ ദര്‍ശന്‍ നാല്‍ക്കണ്ടേയുടെ പന്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(31 പന്തില്‍ 33) പുറത്താവുമ്പോള്‍ 91 റണ്‍സ് മാത്രമായിരുന്നു ലഖ്നൗ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. രണ്ട് തവണ ജീവന്‍ ലഭിച്ച മാര്‍ക്കസ് സ്റ്റോയ്നിസ് 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. സിക്സ് അടിച്ച് 50 തികച്ച സ്റ്റോയ്സിന് പിന്നാലെ ഒരു സിക്സ് കൂടി നേടി പുറത്തായി.
പതിനഞ്ചാം ഓവറില്‍ ക്രീസിലെത്തിയ നിക്കോളാസ് പുരാനും(22 പന്തില്‍ 32), ആയുഷ് ബദോനിയും(11 പന്തില്‍ 20) ചേര്‍ന്നാണ് ലഖ്നൗവിനെ പിന്നീട് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന അഞ്ചോവറില്‍ 49 റണ്‍സ് മാത്രമാണ് ലഖ്നൗ നേടിയത്. സ്ലോ പിച്ചില്‍ ലഖ്നൗവിന് പ്രതിരോധിക്കാവുന്ന സ്കോറാണോ ഇതെന്ന് ഗുജറാത്ത് ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ മാത്രമെ വ്യക്തമാവു.
