ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറന്നു പിടിക്കുകയായിരുന്നു.
മുംബൈ: ഐപിഎല്ലിലെ ആദ്യ ഹോം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പവര്‍പ്ലേയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ ഇന്ത്യന്‍സ്. ക്യാപ്റ്റനല്ലാതെ ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ മുന്‍ നായകന്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഇഷാന്‍ കിഷന്‍, നമന്‍ ധിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ വിക്കറ്റുകളും പവര്‍ പ്ലേയില്‍ മുംബൈക്ക് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ഒമ്പതോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 18 പന്തില്‍ 23 റണ്‍സോടെ തിലക് വര്‍മയും 19 പന്തില്‍ 34 റൺസോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍.
ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറന്നു പിടിക്കുകയായിരുന്നു.അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് മുംബൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ബോള്‍ട്ട് ഗള്ളിയില്‍ നാന്ദ്രെ ബര്‍ഗറിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ മുംബൈ 14-3ലേക്ക് കൂപ്പുകുത്തി.
രണ്ട് ഫോറും ഒരു സിക്സും പറത്തി പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷനെ അസാധ്യമായൊരു പന്തിലൂടെ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചതോടെ മുംബൈ 20-4ലേക്ക് വീണു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൂവിയവരെക്കൊണ്ട് കൈയടിപ്പിച്ച് മൂന്ന് ബൗണ്ടറി പറത്തിയപ്പോള്‍ തിലക് വര്‍മ രണ്ട് സിക്സ് പറത്തി മുംബൈയെ പവര്‍ പ്ലേയില്‍ 46 റണ്‍സിലെത്തിച്ചു. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ചതാണ് മുംബൈ സ്കോറിന് അല്‍പം മാന്യത നല്‍കിയത്. തൊട്ടു പിന്നാലെ ആവേശ് ഖാന്‍ എറിഞ്ഞ ഏഴാം ഓവറില്‍ 13 രണ്‍സ് കൂടി ചേര്‍ത്ത് മുംബൈ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് പതുക്കെ കരകയറുകയാണ്.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്‍: ഇഷാൻ കിഷൻ , രോഹിത് ശർമ, നമാൻ ധിർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജെറാൾഡ് കൊറ്റ്‌സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, ജോഷ് ബട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാൻ.
