72 ശരാശരിയിലും 147.35 പ്രഹരശേഷിയിലും 361 റണ്‍സുമായാണ് വിരാട് കോലി ഓറഞ്ച് ക്യാപ് തലയില്‍ വച്ചിരിക്കുന്നത്

ബെംഗളൂരു: ഐപിഎല്‍ 2024 സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ വിരാട് കോലി തലപ്പത്ത് കുതിപ്പ് തുടരുന്നു. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ സീസണില്‍ ആകെ കോലിയുടെ സമ്പാദ്യം 361 റണ്‍സായി. എന്നാല്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 98 റണ്‍സ് നേടിയാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് കോലിയെ പിന്തള്ളാം. 

ഏഴ് മത്സരങ്ങളില്‍ 72 ശരാശരിയിലും 147.35 പ്രഹരശേഷിയിലും 361 റണ്‍സുമായാണ് വിരാട് കോലി ഓറഞ്ച് ക്യാപ് തലയില്‍ വച്ചിരിക്കുന്നത്. ആറ് വീതം മത്സരങ്ങളില്‍ യഥാക്രമം 284 ഉം, 264 ഉം റണ്‍സ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ റിയാന്‍ പരാഗും സഞ്ജു സാംസണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇത്രതന്നെ കളികളില്‍ 261 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ്മ നാലാമതെങ്കില്‍ 255 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ‌്സ് ബെംഗളൂരു- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തോടെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് ഇളക്കം തട്ടിയില്ലെങ്കിലും ഇരു ടീമുകളിലേയും താരങ്ങള്‍ മെച്ചമുണ്ടാക്കി. 

Read more: ഇങ്ങനെ സ്റ്റാൻഡിംഗ് ഓവേഷൻ ലഭിക്കാന്‍ ഒരു റേഞ്ച് വേണം; തോറ്റിട്ടും ഡികെ സ്റ്റാറാ- വീഡിയോ

മത്സരത്തില്‍ സെഞ്ചുറി (41 പന്തില്‍ 102) നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ് അഞ്ച് ഇന്നിംഗ്‌സില്‍ ആകെ 235 റണ്‍സുമായി എട്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 31 ബോളില്‍ 67 റണ്‍സെടുത്ത ഹെന്‍‌റിച്ച് ക്ലാസന്‍ നില മെച്ചപ്പെടുത്തി സീസണിലാകെ ആറ് മത്സരങ്ങളില്‍ 253 റണ്‍സുമായി ആറാംസ്ഥാനത്തെത്തി. അതേസമയം വിരാട് കോലിക്ക് പുറമെ ആര്‍സിബി നിരയില്‍ തകര്‍ത്തടിച്ച ഫാഫ് ഡുപ്ലസിസും (28 പന്തില്‍ 62), ദിനേശ് കാര്‍ത്തിക്കും (35 പന്തില്‍ 83) നേട്ടമുണ്ടാക്കിയവരിലുണ്ട്. ഫാഫ് 7 കളിയില്‍ 232 റണ്‍സുമായി ഒന്‍പതും ഡികെ 226 റണ്‍സുമായി പത്തും സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്. 

Read more: '100 മീറ്റർ' റേസിൽ ക്ലാസനെ പൊട്ടിച്ചു; ഈ ഐപിഎല്ലിലെ ഏറ്റവും വലിയ സിക്‌സുമായി ദിനേശ് കാര്‍ത്തിക്, 108 മീറ്റര്‍!