'എടാ മോനേ', വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് അങ്കം, സര്‍പ്രൈസ് വരുമോ?
ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാൻ റോയല്‍സ് കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു
ചണ്ഡീഗഡ്: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകിട്ട് 7.30ന് പഞ്ചാബ് കിംഗ്സിന്‍റെ ഹോംഗ്രൗണ്ടിലാണ് കളി തുടങ്ങുക. വിമര്‍ശകര്‍ക്ക് വിജയം കൊണ്ട് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മറുപടി പറയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാൻ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. അവസാന പന്ത് വരെ പൊരുതിയാണ് സഞ്ജു സാംസണും കൂട്ടരും സീസണിലെ ആദ്യ പരാജയമറിഞ്ഞത്. ഇന്ന് രാജസ്ഥാൻ സീസണിലെ ആറാം മത്സരത്തിനിറങ്ങുമ്പോൾ പഞ്ചാബിന് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പ്. ഐപിഎല്ലിൽ റൺവേട്ടക്കാരിൽ മുന്നിലുള്ള അഞ്ചില്‍ രണ്ട് താരങ്ങൾ രാജസ്ഥാൻ ടീമിൽ നിന്നാണ്. നായകൻ സഞ്ജു സാംസണും റിയാൻ പരാഗും റണ്‍വേട്ടയുമായി കുതിക്കുന്നു. അപകടകാരിയായ ജോസ് ബട്‌ലർക്കൊപ്പം യശസ്വി ജയ്സ്വാൾ കൂടി ഫോം കണ്ടെത്തിയാൽ രാജസ്ഥാന്‍റെ ബാറ്റിംഗിന് മുന്നിൽ പഞ്ചാബിന് പിടിച്ചുനിൽക്കുക എളുപ്പമാകില്ല.
ട്രെൻഡ് ബോൾട്ട് നയിക്കുന്ന ബൗളിംഗ് നിര കൂടുതൽ സെറ്റാകാനുണ്ടെന്ന് ഗുജറാത്തിനെതിരായ മത്സരം തെളിയിച്ചുതന്നു. കൂൾ ക്യാപ്റ്റൻ സഞ്ജു സംസൺ ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുമോ എന്നും ആകാംക്ഷയുണ്ട്.
കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് തോൽവിയുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സിന് ടേബിളിൽ മുന്നേറാൻ രാജസ്ഥാനെതിരെ ജയിച്ചേ തീരൂ. ആർസിബിയോടും ഹൈദരാബാദിനോടും തോറ്റത് ജയത്തിനരികെയാണ്. മിക്ക താരങ്ങളുടെയും സ്ഥിരത ഇല്ലായ്മയാണ് പഞ്ചാബിന് വെല്ലുവിളി. റൺവേട്ടക്കാരിൽ മുന്നിലുള്ള ആദ്യ പത്ത് പേരിൽ ഒരാൾ പോലും പഞ്ചാബിൽ നിന്നില്ല. ബൗളിംഗിൽ അർഷദീപ് സിംഗിനും കാഗിസോ റബാഡയ്ക്കും മാത്രമാണ് തിളങ്ങാനായത്. കണക്കിലെ കളിയിൽ രാജസ്ഥാനാണ് മുൻതൂക്കം. ഇരു ടീമുകളും തമ്മിൽ 26 മത്സരങ്ങൾ കളിച്ചപ്പോൾ 15 തവണ രാജസ്ഥാന്‍ റോയല്‍സ് ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം