ഹോം ഗ്രൗണ്ടിലെ ലഖ്നൗവിന്‍റെ വമ്പൊടിച്ച് ഡല്‍ഹി; 6 വിക്കറ്റ് ജയം; രാജസ്ഥാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല
ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താമായിരുന്ന ലഖ്നൗ തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.ജയത്തോടെ അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി.
ലഖ്നൗ: ഏക്നാ സ്റ്റേഡിയത്തില്‍ 160 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോഴൊക്കെ ജയിച്ചിട്ടുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ റെക്കോര്‍ഡ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്കിന്‍റെ അര്‍ധസെഞ്ചുറിയും പൃഥ്വി ഷായുടെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് ഡല്‍ഹി അനായാസ വിജയം നേടിയത്. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 167-8, ഡല്‍ഹി ക്യാപിറ്റല്‍സ് 18.1 ഓവറില്‍ 170-4.
ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താമായിരുന്ന ലഖ്നൗ തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ജയത്തോടെ അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി. റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു ആണ് അവസാന സ്ഥാനത്ത്. കഴിഞ്ഞ 13 തവണയും ഏക്നാ സ്റ്റേഡിയത്തില്‍ 160ന് മുകളിലുള്ള വിജയലക്ഷ്യം ഫലപ്രദമായി പ്രതിരോധിച്ച ലഖ്നൗ ആദ്യമായാണ് ആദ്യം ബാറ്റ് ചെയ്ത ശേഷം തോല്‍ക്കുന്നത്.
ലഖ്നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്ക് തുടക്കത്തിലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ(8) നഷ്ടമായെങ്കിലും പൃഥ്വി ഷായും(22 പന്തില്‍ 32) മക്‌ഗുര്‍കും(35 പന്തില്‍ 45) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഡല്‍ഹിയെ 50 കടത്തി. പൃഥ്വി ഷായെ വീഴ്ത്തി രവി ബിഷ്ണോയ് ഡല്‍ഹിക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ റിഷഭ് പന്ത് തകര്‍ത്തടിച്ചതോടെ ഡല്‍ഹി ലക്ഷ്യത്തോട് അടുത്തു. ആദ്യ 20 പന്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട മക്‌ഗുര്‍ക്ക് പിന്നീട് ക്രുനാല്‍ പാണ്ഡ്യയുടെ ഓവറില്‍ മൂന്ന് സിക്സുകള്‍ പറത്തി ഫോമിലായതോടെ ഡല്‍ഹി അനായാസം ലക്ഷ്യത്തിലെത്തി. ട്രൈസ്റ്റൻ സ്റ്റബ്സും(15*), ഷായ് ഹോപ്പും(11*) പുറത്താകാതെ നിന്നു.ലഖ്നൗവിനായി രവി ബിഷ്ണോയ് രണ്ട് വിക്കറ്റെടുത്തു.
Pant being Pant 😉#IPLonJioCinema #TATAIPL #LSGvDC pic.twitter.com/5ZN5YjwZtT
— JioCinema (@JioCinema) April 12, 2024
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ആയുഷ് ബദോനിയുടെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ പതിമൂന്നാം ഓവറില്‍ 94-7ലേക്ക് കൂപ്പുകുത്തിയശേഷമാണ് ലഖ്നൗ ബദോനിയുടെ അര്‍ധസെഞ്ചുറിയിലൂടെ തിരിച്ചുവന്നത്. ഏഴാമനായി ഇറങ്ങി 35 പന്തില്‍ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബദോനിയാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 39 റണ്‍സെടുത്തപ്പോള്‍ ക്വിന്‍റണ്‍ ഡി കോക്ക് 19 റണ്‍സെടുത്തു.
Jake Fraser-McGurk's first two scoring shots in the #TATAIPL 🤯#IPLonJioCinema #LSGvDC pic.twitter.com/CjVId53QIq
— JioCinema (@JioCinema) April 12, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക