ആര്‍സിബി നിലയില്ലാ കയത്തില്‍! പ്ലേ ഓഫിലേക്ക് അടുക്കുക പ്രയാസം; സ്ഥാനം മെച്ചപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്
തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബിക്ക് കനത്ത തിരിച്ചടി നേടിട്ടു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ നിലയില്ലാകയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരൂ. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഏഴ് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബിക്ക് കനത്ത തിരിച്ചടി നേടിട്ടു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ഒരു ജയം മാത്രമുളള ആര്‍സിബിക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും ആര്‍സിബി തോറ്റു. അഞ്ച് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹി കാപിറ്റല്‍സ് മാത്രമാണ് ആര്‍സിബിക്ക് പിന്നിലുള്ളത്. അതേസമയം സീസണിലെ രണ്ടാം ജയത്തോടെ മുംബൈ ഏഴാം സ്ഥാനത്തേക്ക് കയറി. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് നാല് പോയിന്റാണുള്ളത്. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റിരുന്നു.
അതേസമയം, സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് തുടരുന്നു. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് രാജസ്ഥാന്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം മാത്രമാണ് രാജസ്ഥാന്‍ തോറ്റത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. ആറ് പോയിന്റാണ് അവര്‍ക്ക്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. നാലില്‍ മൂന്നും ജയിച്ച് ആറ് പോയിന്റ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോല്‍വിയും. നിലവില്‍ ആറ് പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ നാലാമതാണ് ചെന്നൈ.
അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച ഹൈദരാബാദിന് ആറ് പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനമുണ്ട് ഹൈദരാബാദിന്. ഇതേ നിലയിലാണ് ഗുജറാത്തും. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ശുഭ്മാന്‍ ഗില്ലും സംഘവും ആറാമതായി. തൊട്ടുപിന്നാലെ മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് എട്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്.