2024 മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്‍ മെയ് 26 വരെ നീളും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്
മുംബൈ: ഐപിഎല്‍ 2024 സീസണ്‍ മാര്‍ച്ച് 22ന് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വനിതാ പ്രീമിയര്‍ ലീഗ് അവസാനിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാകും പുരുഷ ക്രിക്കറ്റിലെ ഏറ്റവും വലിയ ട്വന്‍റി 20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്‍ ആരംഭിക്കുക. രാജ്യം ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പിന് വേദിയാവുന്നു എന്നതിനാല്‍ ഇലക്ഷന്‍ പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഐപിഎല്‍ തിയതി ഔദ്യോഗികമായി ബിസിസിഐ പ്രഖ്യാപിക്കുകയുള്ളൂ.
2024 മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്‍ മെയ് 26 വരെ നീളും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. 2024 ട്വന്‍റി 20 ലോകകപ്പ് ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് മാത്രമാകും ഐപിഎല്‍ തീരുക. എന്നാല്‍ ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് മാത്രമേ ഇന്ത്യക്ക് ആദ്യ മത്സരം കളിക്കേണ്ടതുള്ളൂ എന്നത് ആശ്വാസമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഐപിഎല്‍ തിയതി അന്തിമമായി പ്രഖ്യാപിക്കൂ. അതേസമയം ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയുടെ പ്രതികരണം. ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബിസിസിഐ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഐപിഎല്ലിന് മതിയായ സുരക്ഷയൊരുക്കുക വലിയ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണിത്.
അതേസമയം ട്വന്‍റി 20 ലോകകപ്പിന് തൊട്ടുമുമ്പാണ് ലീഗ് നടക്കുന്നതെങ്കിലും ഐപിഎല്‍ 2024ന് വിദേശ താരങ്ങളുടെ പങ്കാളിത്തം ബിസിസിഐ ഏറെക്കുറെ വിവിധ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരങ്ങള്‍ കളിക്കേണ്ട ടീമുകളിലെ താരങ്ങള്‍ക്ക് ഐപിഎല്‍ അവസാനിക്കും മുമ്പ് നാട്ടിലേക്ക് മടങ്ങേണ്ടിവന്നേക്കും. ഇത് ഐപിഎല്ലിനെ പ്രതികൂലമായി ബാധിക്കില്ല എന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.
