വൈഭവിന്‍റെ റെക്കോര്‍ഡിന് ഒരു മണിക്കൂര്‍ പോലും ആയുസുണ്ടായില്ല. കര്‍ണാടകക്കെതിരായ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ഇന്ത്യൻ താരം കൂടിയായ ഇഷാന്‍ കിഷനെ സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 33 പന്തുകളായിരുന്നു.

മുംബൈ: വിജയ് ഹസരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍ന്‍റെ ആദ്യദിനം തന്നെ സെഞ്ചുറികളുടെ പൂരം. അരുണാചല്‍പ്രദേശിനെതരായ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് സൂര്യവന്‍ഷിയാണ് ആദ്യം സെഞ്ചുറി വേട്ട തുടങ്ങിയത്. പിന്നാലെ വെറും 54 പന്തില്‍ 150 റൺസ് പിന്നിട്ട വൈഭവ് 84 പന്തില്‍ 190 റണ്‍സെടുത്ത് ഡബിള്‍ സെഞ്ചുറിക്ക് അരികെ പുറത്തായി. ഏകദിന ക്രിക്കറ്റിലെ ഒരു ബാറ്ററുടെ അതിവേഗ 150 എന്ന ലോക റെക്കോര്‍ഡും ഇതിനിടെ വൈഭവ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 64 പന്തില്‍ 150 റണ്‍സടിച്ച സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡായിരുന്നു വൈഭവ് തകര്‍ത്തത്. ബിഹാര്‍ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലെത്തിയപ്പോഴേക്കും വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 15 സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ പ്രകടനം.

എന്നാല്‍ വൈഭവിന്‍റെ റെക്കോര്‍ഡിന് ഒരു മണിക്കൂര്‍ പോലും ആയുസുണ്ടായില്ല. കര്‍ണാടകക്കെതിരായ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ഇന്ത്യൻ താരം കൂടിയായ ഇഷാന്‍ കിഷനെ സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 33 പന്തുകളായിരുന്നു. ഏഴ് ഫോറും 14 സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്‍റെ ഇന്നിംഗ്സ്. ഇതോടെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അൻമോല്‍പ്രീത് സിംഗിന്‍റെ പേരിലുള്ള ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡ് ഇഷാൻ കിഷന്‍ സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ഫൈനലില്‍ സെഞ്ചുറി നേടിയ ഇഷാന്‍ അവിടെ നിര്‍ത്തിയേടത്തുനിന്നാണ് വിജയ് ഹസാരെയില്‍ തുടങ്ങിയത്. കുമാര്‍ കുഷാഗ്രയും(47 പന്തില്‍ 63), വിരാട് സിംഗും(68 പന്തില്‍ 88) തകര്‍ത്തടിച്ചതോടെ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സടിച്ചു.

ഇഷാന്‍റെ റെക്കോര്‍ഡിന് പക്ഷെ മിനിറ്റുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. അരുണാചലിനെതിരെ വൈഭവ് സൂര്യവന്‍ഷി സെഞ്ചുറി നേടിയ അതേ മത്സരത്തില്‍ ബിഹാറിനായി അഞ്ചാം നമ്പറില്‍ ബാറ്റിംനിറങ്ങിയ ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചുറി നേടി ഇഷാന്‍ കിഷന്‍റെ റെക്കോര്‍ഡും തകര്‍ത്തു. 12 സിക്സും ഫോറും അടങ്ങുന്നതായിരുന്നു സാക്കിബുള്‍ ഗാനിയുടെ ഇന്നിംഗ്സ്. 33 പന്തില്‍ സെഞ്ചുറി നേടിയ സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡ് നേരിയ വ്യത്യാസത്തിലാണ് സാക്കിബുള്‍ ഗാനിക്ക് നഷ്ടമായത്. മത്സരത്തില്‍ ആയുഷ് ലോഹ്റുകയും(56 പന്തില്‍ 116) ബിഹാറിനിയാ സെഞ്ചുറി നേടിയപ്പോള്‍ ടീം സ്കോര്‍ വിജയ് ഹസാരെയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 574 റണ്‍സിലെത്തി.

സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ ഒഡിഷ ഓപ്പണര്‍ സ്വാതിസ് സമാല്‍(169 പന്തില്‍ 212)ഡബിള്‍ സെഞ്ചുറി നേടിയപ്പള്‍ ത്രിപുരക്കെതിരെ കേരളത്തിനായി വിഷ്ണു വിനോദും(62 പന്തില്‍ 102*),മധ്യപ്രദേശ്-രാജസ്ഥാന്‍ മത്സരത്തില്‍ മധ്യപ്രദേശിനായി യാഷ് ദുബെയും(102), ഡല്‍ഹിക്കെതിരെ ആന്ധ്രക്കായി റിക്കി ഭൂയിയും(105 പന്തില്‍ 122), റെയില്‍വേസിനെതിരെ ഹരിയാനക്കായി ഹിമാന്‍ഷു റാണയും(126) സെഞ്ചുറികള്‍ നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക