മുംബൈ ഇന്ത്യന്‍സിനെതിരെ തന്‍റെ അവസാന ഓവറില്‍ തല്ലുവാങ്ങി വലഞ്ഞതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ മുകേഷ് കുമാറിന് മുട്ടന്‍ പണി

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫിലെത്താതെ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തായതിന് പിന്നാലെ പേസര്‍ മുകേഷ് കുമാറിന് തിരിച്ചടി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് മുകേഷിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ശിക്ഷ ഐപിഎല്‍ അച്ചടക്ക സമിതി വിധിച്ചു. മുകേഷ് കുമാര്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമുള്ള ലെവല്‍ 1 കുറ്റം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഉപകരണങ്ങളും ഗ്രൗണ്ട് സൗകര്യങ്ങളും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ലെവല്‍ വണ്‍ കുറ്റം ഒരു താരം ചെയ്തതായി കണ്ടെത്തിയാല്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്നാണ് നിയമം.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് 59 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ മുകേഷ് കുമാര്‍ റണ്‍വഴങ്ങി ചീത്തപ്പേര് കേട്ടിരുന്നു. തന്‍റെ നാലോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുകേഷ് 48 റണ്‍സ് വഴങ്ങി. സൂര്യകുമാര്‍ യാദവും നമാന്‍ ധിറും 19-ാം ഓവറില്‍ മുകേഷ് കുമാറിനെതിരെ 27 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതോടെയാണ് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് പതര്‍ച്ചയ്ക്ക് ശേഷം നിശ്ചിത 20 ഓവറില്‍ 180-5 എന്ന മികച്ച സ്കോറിലേക്ക് വാംഖഡെയില്‍ എത്തിയത്. മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ സൂര്യകുമാര്‍ 43 പന്തുകളില്‍ 73* ഉം, നമാന്‍ 8 പന്തുകളില്‍ 24* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ക്യാപിറ്റല്‍സ് 18.2 ഓവറിൽ 121 റൺസിന് ഓള്‍ഔട്ടായി. ഇതോടെ മുംബൈ ടീം 59 റൺസിന്‍റെ ജയവുമായി പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്തു. ബൗളിംഗില്‍ മിച്ചല്‍ സാന്‍റ്‌നറുടെയും ജസ്‌പ്രീത് ബുമ്രയുടെയും പ്രകടനമാണ് മത്സരത്തിൽ മുംബൈയ്ക്ക് വിജയം ഉറപ്പാക്കിയത്. നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങിയ സാന്‍റ്‌നര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 3.2 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്ര മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 39 റൺസ് നേടിയ സമീര്‍ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ കെ എല്‍ രാഹുല്‍ 11 റണ്‍സിനും, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസും വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരെലും ആറ് റണ്‍സ് വീതമെടുത്തും പുറത്തായി. 

ഐപിഎല്‍ 2025ല്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പിക്കുന്ന നാലാമത്തെ ടീമാണ് മുംബൈ ഇന്ത്യന്‍സ്. തോല്‍വിയോടെ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്ക് നേരത്തെതന്നെ പ്ലേഫ് ഉറപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം