ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ഒരു അധിക ആനുകൂല്യമുണ്ട്

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് നാല് ടീമുകള്‍. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിലെത്തിയത്. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇവരില്‍ ഏതൊക്കെ ടീമുകളാവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക എന്നതാണ് ഇനി ആകാംക്ഷ. സാധ്യതകള്‍ പരിശോധിക്കാം. 

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ഒരു മെച്ചമുണ്ട്. ഈ ടീമുകള്‍ തമ്മിലാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കുക. വിജയികള്‍ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് അധികം നിരാശയും വേണ്ട. ഫൈനലിലെത്താന്‍ അവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കും. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീം, പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടും. ആ മത്സരത്തില്‍ ജയിച്ചാല്‍, നേരത്തെ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ രണ്ടാം ടീമിനും ഫൈനലിലെത്താം. 

ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ വീതമാണ് ഓരോ ഐപിഎല്‍ ടീമിനുമുള്ളത്. നിലവില്‍ കളിച്ച 12 മത്സരങ്ങളില്‍ 18 പോയിന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ 17 പോയിന്‍റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 13 കളികളില്‍ 16 പോയിന്‍റുമായി മുംബൈ ഇന്ത്യന്‍സാണ് പട്ടികയില്‍ നാലാമത്. ഈ നാല് ടീമുകളുടെയും ഇനിയുള്ള ഫിനിഷിംഗ് സാധ്യതകള്‍ നോക്കാം.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് അവയിലൊന്നെങ്കിലും ജയിച്ചാലേ ടോപ് 2-വില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കൂ. ഇതിനൊപ്പം ആര്‍സിബിയോ പഞ്ചാബ് കിംഗ്സോ ഒരു മത്സരം വീതം തോല്‍ക്കുകയും ടൈറ്റന്‍സിന് ആവശ്യമായി വരും. പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാമതുള്ള ആര്‍സിബിക്കും രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ആര്‍സിബിയും ടോപ് ടുവില്‍ ഫിനിഷ് ചെയ്യും. അതേസമയം ആര്‍സിബി ഒരു മത്സരം മാത്രമാണ് ജയിക്കുന്നതെങ്കില്‍ പഞ്ചാബ് ഒരു കളിയില്‍ തോറ്റാലേ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ബെംഗളൂരുവിന് ഫിനിഷ് ചെയ്യാനാകൂ. 

നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാമതുള്ള പഞ്ചാബ് കിംഗ്സിനും രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. പഞ്ചാബ് ഇവ രണ്ടും ജയിക്കുകയും ആര്‍സിബി ഒരു മത്സരം തോല്‍ക്കുകയും ചെയ്താല്‍ പഞ്ചാബ് ടീമും ടോപ് 2-വില്‍ ഫിനിഷ് ചെയ്യും. അതേസമയം പഞ്ചാബ് ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിയുടെ മത്സരഫലം ആശ്രയിച്ചിരിക്കും പഞ്ചാബിന്‍റെ വിധി. ഒരു മത്സരം മാത്രം ശേഷിക്കുന്ന മുംബൈ ഇന്ത്യന്‍സിനാവട്ടെ, അതില്‍ ജയിച്ചാലും വിദൂര സാധ്യത മാത്രമേ ടോപ് 2-വില്‍ ഫിനിഷ് ചെയ്യാന്‍ നിലവിലുള്ളൂ. എന്തായാലും ഐപിഎല്‍ 2025 എഡിഷനില്‍ ഏതൊക്കെ ടീമുകള്‍ ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമെന്ന് വൈകാതെ അറിയാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം