അവസാന മത്സരത്തിൽ വിജയിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡേ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.
അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ റണ്ണൗട്ടാക്കി വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിംഗ്സിന്റെ 245 റൺസ് അനായാസം മറികടന്ന്, തുടർതോൽവികൾ കുടഞ്ഞെറിഞ്ഞ കരുത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ പിടിച്ചുകെട്ടുകയാകും മുംബൈയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇരുവരും ക്രീസിലുറച്ചാൽ ഫീൽഡർമാർ കാഴ്ചക്കാരാവും. ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ എന്നിവർകൂടി തകർത്തടിച്ചാൽ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാവും.
ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട് ബൗളിംഗ് കൂട്ടുകെട്ടിലേക്കാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉറ്റുനോക്കുന്നത്. മിച്ചൽ സാന്റ്നറിനൊപ്പം കരൺ ശർമ്മയുടെ സ്പിൻ മികവിലും മുംബൈയ്ക്ക് പ്രതീക്ഷയുണ്ട്. രോഹിത് ശർമ്മയുടെ മങ്ങിയ ഫോമാണ് മുൻ ചാമ്പ്യൻമാരുടെ പ്രധാന ആശങ്ക. റിക്കിൾട്ടൺ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ ബാറ്റുകളെ ആശ്രയിച്ചാകും മുംബൈ സ്കോർ ബോർഡിന്റെ ഗതി നിശ്ചയിക്കുക. ഇരുടീമുകളും ഏറ്റുമുട്ടിയ 23 മത്സരങ്ങളിൽ മുംബൈ പതിമൂന്നിലും ഹൈദരാബാദ് പത്തിലും ജയിച്ചു. കഴിഞ്ഞ സീസണിൽ നേർക്കുനേർ വന്നപ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി കരുത്ത് തെളിയിച്ചു.
READ MORE: രാജസ്ഥാൻ റോയൽസിന് കഷ്ടകാലം തുടരുന്നു; ആശങ്കയായി സഞ്ജുവിൻറെ പരിക്ക്
