നാളെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഐപിഎല്ലിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കിരീടത്തിനായി 10 ടീമുകൾ 13 വേദികളിലായി കൊമ്പുകോർക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണാണ് നാളെ കൊൽക്കത്തയിൽ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

നിരാശയായി കാലാവസ്ഥാ പ്രവചനം

അതേസമയം ഐപിഎല്‍ ആവേശം കെടുത്തുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് വരുന്നത്. നാളെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. കാലവസ്ഥാ വകുപ്പ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അടിമുടി മാറി ടീമുകള്‍

അടിമുടി മാറിയാണ് ടീമുകൾ ഐപിഎല്ലിലെ പതിനെട്ടാം സീസണ് ഒരുങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസ്,കൊല്‍ക്കത്ത, ലക്നൗ, പഞ്ചാബ് കിംഗ്സ്, ആർസിബി ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാർ വന്നു. ഹൈദരാബാദിന്‍റെ പാറ്റ് കമ്മിൻസ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റൻ.

ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 58 കോടി സമ്മാനത്തുക വിതരണം ചെയ്യമ്പോള്‍ ഓരോ കളിക്കാരനും കിട്ടുന്നത്

13 വേദികളിലും ഉദ്ഘാടനം

ഇത്തവണ 13 വേദികളിലും ഉദ്ഘാടന ചടങ്ങുകൾ നടത്താനാണ് ബിസിസിഐ തീരുമാനം. ബോളിവുഡ് താരങ്ങളടക്കം ഉദ്ഘാടന പരിപാടികളില്‍ അണിനിരക്കും. ആറാം കിരീടം നേടി മുംബൈയും ചെന്നൈയും ചരിത്രം കുറിക്കാൻ കാത്തിരിക്കുമ്പോൾ. രാജസ്ഥാനായി സഞ്ജു സാംസൺ കിരീടം ചൂടുന്നത് സ്വപ്നം കാണുകയാണ് മലയാളികൾ.

അതേസമയം, കന്നി കിരീടം മോഹിച്ച് ആർസബി, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്‍റ്സ് ടീമുകളുമുണ്ട്. ആദ്യ സീസണില്‍ കിരീടവുമായി ഞെട്ടിച്ചത് ആവര്‍ത്തിക്കാനായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശ്രമം. മെയ് 25ന് ഈഡൻ ഗാർഡനിലാണ് കലാശപ്പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക