കോടികളുടെ കനത്തിനൊത്ത് കളത്തില്‍ കളിമെനഞ്ഞവരെ അറിയാം

ഐപിഎല്‍ താരലേലം പൂര്‍ത്തിയായപ്പോള്‍ പലതാരങ്ങളുടേയും നേര്‍ക്ക് തെളിഞ്ഞ കോടിത്തിളക്കം അവരുടെ പേരിനൊത്തതായിരുന്നു. എന്നാല്‍, സീസണ്‍ രണ്ടാം പാതി കടക്കുമ്പോള്‍ അതത്ര ശരിയായിരുന്നില്ലെന്ന് പറയേണ്ടി വരും. പകിട്ടിനൊത്ത് തിളങ്ങിയോ എല്ലാവരുമെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. എന്നാല്‍, തിളങ്ങിയവരുണ്ട്. വിദേശനിക്ഷേപമാണ് ഫലം കണ്ടതെന്ന് ചുരുക്കി പറയേണ്ടി വരും. അങ്ങനെ കോടികളുടെ കനത്തിനൊത്ത് കളത്തില്‍ കളിമെനഞ്ഞവരെ അറിയാം.

ശ്രേയസ് അയ്യര്‍, ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമത്. 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നാം കിരീടം ചൂടിച്ച നായകൻ, ആ മികവിന് കൂടിയായിരുന്നു വലിയ തുക. തന്റെ പ്രകടനം കൊണ്ടും നായകമികവുകൊണ്ടും പഞ്ചാബിന് പുതുപ്രതീക്ഷയാണ് ശ്രേയസ് ഈ സീസണില്‍ നല്‍കുന്നത്. സ്ഥിരതയോടെ പഞ്ചാബ് ടോപ് ഫോറില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെയുണ്ട്. ഇതുവരെ ഒൻപത് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സ്, മൂന്ന് അര്‍ദ്ധ സെഞ്ച്വറി, സ്ട്രൈക്ക് റേറ്റ് 188.

അര്‍ഷദീപ് സിങ്, 18 കോടിയായിരുന്നു അര്‍ഷദീപിന് പഞ്ചാബിട്ട വില. ഒൻപത് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ നേടി. സീസണില്‍ പഞ്ചാബിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് അ‍ര്‍ഷദീപെന്ന ഇടം കയ്യൻ പേസറാണ്. പഞ്ചാബിന്റെ പല മത്സരങ്ങളിലും എതിരാളികള്‍ റണ്ണൊഴുക്ക് തീര്‍ത്തിരുന്നു. എന്നാല്‍, അര്‍ഷദീപിന്റെ എക്കണോമി 8.62 മാത്രമാണ്. 

രാജസ്ഥാൻ റോയല്‍സിലെ യഥാര്‍ത്ഥ റോയലായിരുന്നു ജോസ് ബട്ട്ലര്‍. 15.75 കോടി രൂപയക്ക് ഗുജറാത്ത് ടൈറ്റൻസിലേക്ക്. ജോസ് ബട്ട്ല‍ര്‍ ഒരു ടീമിലുണ്ടാകുമ്പോള്‍ എന്ത് വ്യത്യാസമുണ്ടാകുമെന്ന് രാജസ്ഥാന്റേയും ഗുജറാത്തിന്റേയും പോയിന്റ് പട്ടികയിലെ സ്ഥാനം വ്യക്തമാക്കും. എട്ട് കളികളില്‍ നിന്ന് 356 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലുണ്ട് ബട്ട്ലര്‍. ശരാശരി 70നും സ്ട്രൈക്ക് റേറ്റ് 160നും മുകളില്‍. ബംഗളൂരുവിനും ഡല്‍ഹിക്കുമെതിരായ രണ്ട് മാച്ച് വിന്നിങ് ഇന്നിങ്സുകളും ബട്ട്ലറിന്റെ പേരിലുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബൗളിംഗ് നിരയെ ചെണ്ടകള്‍ എന്ന് വിളിച്ചൊരു കാലമുണ്ടായിരുന്നു ട്രോളന്മാര്‍ക്ക്. അത് തിരുത്താൻ എത്തിയതായിരുന്നു ജോഷ് ഹേസല്‍വുഡ്. 12.5 കോടിയേക്കാള്‍ മൂല്യം ജോഷിന്റെ കൃത്യതയ്ക്കും പേസിനുമുണ്ടെന്ന് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. രാജസ്ഥാനെതിരെ നിര്‍ണായകമായ അവസാന നാല് ഓവറുകളില്‍ രണ്ടെണ്ണമെറിഞ്ഞത് ഹേസല്‍വുഡായിരുന്നു. വിട്ടുകൊടുത്തത് ഏഴ് റണ്‍സും മൂന്ന് വിക്കറ്റും. 

മുഹമ്മദ് സിറാജാണ് ഐപിഎല്ലിനെ അമ്പരപ്പിച്ച താരം. ബെംഗളൂരുവെന്ന തന്റെ കളിത്തട്ട് വിട്ട് ഗുജറാത്തിലേക്ക് എത്തിയപ്പോള്‍ സിറാജ് തീയായി മാറുകയായിരുന്നു. 12.25 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് സിറാജിനെ സ്വന്തമാക്കിയത്. തന്റെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച രണ്ട് മത്സരങ്ങള്‍ സിറാജ് പുറത്തെടുത്തു. ഒന്ന് മുൻടീമായ ബെംഗളൂരുവിനെതിരെ, 19 റണ്‍സിന് മൂന്ന് വിക്കറ്റ്, മറ്റൊന്ന് ഹൈദരാബാദിനെതിരെ 17 റണ്‍സിന് നാല് വിക്കറ്റ്. രണ്ട് കളികളിലും മാൻ ഓഫ് ദ മാച്ചും. ഇതുവരെ 12 വിക്കറ്റാണ് സിറാജിന്റെ പേരിലുള്ളത്.

രാജസ്ഥാൻ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. കൈവിട്ട കളി ഡല്‍ഹി പിടിക്കുന്നു, അല്ല മിച്ചല്‍ സ്റ്റാര്‍ക്ക് പിടിച്ചടക്കുന്നു, എണ്ണം പറഞ്ഞ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ബാറ്റര്‍മാരെ ഉത്തരമില്ലാത്തവരാക്കുന്ന മാജിക്ക്. സൂപ്പര്‍ ഓവറില്‍ ഡല്‍ഹി വിജയം ഉറപ്പിച്ചപ്പോള്‍ ഡെയില്‍ സ്റ്റെയിനെഴുതി, ഇതുകൊണ്ടാണ് അവന് വലിയ തുക നല്‍കുന്നത്. 11.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്ക് ഡല്‍ഹി കുപ്പായമണിഞ്ഞത്. 11 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് സീസണില്‍ നേടി. 

എല്ലാ മേഖലയിലും തളരുന്ന ചെന്നൈയ്ക്ക് ആശ്വാസമാകുന്ന പ്രകടനം പുറത്തെടുത്ത ചുരുക്കം പേരിലൊരാള്‍, നൂര്‍ അഹമ്മദ്. 10 കോടി രൂപയ്ക്ക് രവി അശ്വിനും രവീന്ദ്ര ജഡേജയ്ക്കും കീഴിലായി മൂന്നാം സ്ഫിന്നറായാണ് ടീമിലെത്തിയത്. സീസണ്‍ പാതി പിന്നിടുമ്പോള്‍ നൂറാണ് ചെന്നൈയുടെ വജ്രായുധം. 14 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ് പോരില്‍ മൂന്നാം സ്ഥാനത്തുണ്ട് അഫ്ഗാന്റെ യുവതാരം.