നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സര്‍ പറത്തിയാണ് പ്രിയാൻഷ് ആര്യ തുടങ്ങിയത്. 

മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലാണ്. 53 റൺസുമായി പ്രിയാൻഷ് ആര്യയും 7 റൺസുമായി നെഹാൽ വധേരയുമാണ് ക്രീസിൽ. ഓപ്പണര്‍ പ്രഭ്സിമ്രാൻ സിംഗിന്‍റെയും (0) നായകൻ ശ്രേയസ് അയ്യരുടെയും (9) മാര്‍ക്കസ് സ്റ്റോയിനിസിന്റെയും (4) വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. 

നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സര്‍ പറത്തിയാണ് പ്രിയാൻഷ് ആര്യ പഞ്ചാബിന്‍റെ ഇന്നിംഗ്സിന് തുടക്കമിട്ടത്. ഖലീൽ അഹമ്മദിന്‍റെ അഞ്ചാബം പന്തിൽ വീണ്ടും സിക്സറിലൂടെ പ്രിയാൻഷ് തന്‍റെ ലക്ഷ്യം വ്യക്തമാക്കി. ആദ്യ ഓവറിൽ മാത്രം പിറന്നത് 17 റൺസ്. രണ്ടാം ഓവറിന്‍റെ രണ്ടാം പന്തിൽ തന്നെ പ്രഭ്സിമ്രാൻ സിംഗിനെ പുറത്താക്കി മുകേഷ് ചൗധരി ചെന്നൈയെ മത്സരത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഈ ഓവറിന്‍റെ അവസാന പന്തിൽ തന്‍റെ മൂന്നാം സിക്സര്‍ നേടി പ്രിയാൻഷ് ആര്യ ഫോം തെളിയിച്ചു. മൂന്നാം ഓവറിനായി മടങ്ങിയെത്തിയ ഖലീൽ അഹമ്മദ് നായകൻ ശ്രേയസ് അയ്യരെ പുറത്താക്കി ചെന്നൈയ്ക്ക് മേൽക്കൈ നൽകി. 

നാലാം ഓവറിൽ മുകേഷ് ചൗധരിയെ തുടരെ മൂന്ന് തവണ ബൗണ്ടറിയിലേയ്ക്ക് പായിച്ച് പ്രിയാൻഷ് ആര്യ സ്കോര്‍ ഉയര്‍ത്തി. അഞ്ചാം ഓവറിൽ മാര്‍ക്കസ് സ്റ്റോയിസിനെ കൂടി പുറത്താക്കി ചെന്നൈ ആരാധകരെ ആവേശത്തിലാക്കി. 7 പന്തുകൾ നേരിട്ട സ്റ്റോയിനിസിന് വെറും 4 റൺസ് നേടാനെ സാധിച്ചുള്ളൂ. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പുള്ള ഓവറിൽ രവിചന്ദ്രൻ അശ്വിനെ കടന്നാക്രമിച്ച് പ്രിയാൻഷ് ആര്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. വെറും 19 പന്തുകളിൽ നിന്നാണ് പ്രിയാൻഷ് 50 കടന്നത്. 

READ MORE: ഐപിഎല്ലിൽ വീണ്ടുമൊരു ത്രില്ലര്‍; ലക്ഷ്യത്തിനരികെ കാലിടറി കൊൽക്കത്ത, ലക്നൗവിന് 4 റൺസ് ജയം