പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും പഞ്ചാബിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിൽ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. 202 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ഒരു ഓവർ പൂർത്തിയാക്കിയതിന് പിന്നാലെ മഴ എത്തുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 റൺസിന്റെ കൂട്ടുകേട്ടാണ് പടുത്തുയർത്തിയത്. പ്രിയാൻഷ് 35 പന്തിൽ 8 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 69 റൺസും 49 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ 6 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 83 റൺസും നേടി. ഗ്ലെൻ മാക്സ്വെൽ നിറം മങ്ങിയതും അവസാന ഓവറുകളിൽ നായകൻ ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള ബാറ്റർമാർക്ക് തിളങ്ങാനാകാതെ പോയതും പഞ്ചാബിന്റെ സ്കോർ 4ന് 201ൽ ഒതുങ്ങാൻ കാരണമായി. 

മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം നേടി തൃപ്തിപ്പെടേണ്ടി വന്നു. ഒരു പോയിന്റ് ലഭിച്ചതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസിനെ മറികടന്നു പഞ്ചാബ് നാലാം സ്ഥാനം സ്വന്തമാക്കി. കൊൽക്കത്തയ്ക്കാണ് മത്സര ഫലം കൂടുതൽ നിരാശ സമ്മാനിച്ചത്. പ്ലേ ഓഫ്‌ സാധ്യത മങ്ങി നിൽക്കുന്ന സാഹചര്യത്തിൽ പോയിന്റ് പട്ടികയിൽ മുന്നേറാൻ ലഭിച്ച അവസരമാണ് ഹോം ടീമിന് നഷ്ടമായിരിക്കുന്നത്. 7 പോയിന്റുമായി കൊൽക്കത്ത 7ആം സ്ഥാനത്ത് തുടരുകയാണ് കൊൽക്കത്ത. 

READ MORE: തകര്‍ത്തടിച്ച് പ്രഭ്സിമ്രാനും പ്രിയാൻഷും; കൊൽക്കത്തയ്ക്ക് എതിരെ പഞ്ചാബിന് കൂറ്റൻ സ്കോര്‍