ഓപ്പണര്‍മാരായ പ്രിയാൻഷ് ആര്യയെയും പ്രഭ്സിമ്രാൻ സിംഗിനെയും മുംബൈ മടക്കിയയച്ചു. 

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. ജോഷ് ഇംഗ്ലിസും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 

പതിവുപോലെ ട്രെന്റ് ബോൾട്ടാണ് മുബൈയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ്യ പന്തിൽ സിംഗിൾ നേടി പ്രിയാൻഷ് ആര്യ സ്ട്രൈക്ക് കൈമാറി. രണ്ടാം പന്ത് തന്നെ ബൗണ്ടറി നേടി ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ പ്രഭ്സിമ്രാൻ സിംഗ് വരവറിയിച്ചു. എന്നാൽ, ആദ്യ ഓവറിൽ ബോൾട്ട് 6 റൺസ് മാത്രമേ വഴങ്ങിയുള്ളൂ. പരിക്കേറ്റ റിച്ചാര്‍ഡ് ഗ്ലീസണ് പകരം ടീമിലെത്തിയ റീസ് ടോപ്ലിയാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്. ആദ്യ അഞ്ച് പന്തിൽ 3 റൺസ് മാത്രം വഴങ്ങിയ ടോപ്ലിയക്കെതിരെ അവസാന പന്തിൽ പ്രിയാൻഷ് ആര്യ ബൗണ്ടറി നേടി. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാൻ സിംഗിന്റെ (6) വിക്കറ്റ് ബോൾട്ട് സ്വന്തമാക്കി. മൂന്നാമനായി ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസ് ബോൾട്ടിനെ കടന്നാക്രമിച്ചു. തുടര്‍ച്ചയായി രണ്ട് ബൗണ്ടറികൾ നേടി ഇംഗ്ലിസ് സ്കോര്‍ ഉയര്‍ത്തി. 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലായിരുന്നു.

നാലാം ഓവറിന്റെ ആദ്യ പന്ത് തന്നെ ടോപ്ലിയ്ക്ക് എതിരെ ബൗണ്ടറി നേടിയ പ്രിയാൻഷ് ആര്യ നാലാം പന്തിൽ സിക്സറും പറത്തി. 14 റൺസാണ് ടോപ്ലി വഴങ്ങിയത്. ഇതിന് പിന്നാലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ നായകൻ ഹാര്‍ദിക് പാണ്ഡ്യ പന്തേൽപ്പിച്ചു. ബൗണ്ടറിയിലൂടെയാണ് ഇംഗ്ലിസ് ബുമ്രയെ വരവേറ്റത്. മൂന്നാം പന്ത് കാണികൾക്കിടയിലേയ്ക്ക് പറത്തിയ ഇംഗ്ലിസ് ബുമ്രയെ സമ്മര്‍ദ്ദത്തിലാക്കി. ഇതുകൊണ്ടും തീര്‍ന്നില്ല, അഞ്ചാം പന്ത് ബൗണ്ടറിയിലേയ്ക്കും ആറാം പന്ത് ഗ്യാലറിയിലേയ്ക്കും പാഞ്ഞു. 20 റൺസാണ് ബുമ്രയുടെ ഓവറിൽ ഇംഗ്ലിസ് അടിച്ചുകൂട്ടിയത്. ഇതോടെ പഞ്ചാബിന്റെ സ്കോര്‍ 50 കടക്കുകയും ചെയ്തു. ആറാം ഓവര്‍ എറിയാൻ അശ്വനി കുമാറിനെ ക്ഷണിച്ച ഹാര്‍ദിക്കിന്റെ തന്ത്രം ഫലം കണ്ടു. ആദ്യ പന്തിൽ തന്നെ പ്രിയാൻഷ് (20) പുറത്തായി. പിന്നാലെയെത്തിയ ശ്രേയസും അവസാന പന്തിൽ ഇംഗ്ലിസും ബൗണ്ടറി നേടിയതോടെ പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ന്നു.