പഞ്ചാബ്-മുംബൈ രണ്ടാം ക്വാളിഫയറില്‍ ടോസ് നേടുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഈ തീരുമാനം കൈക്കൊള്ളും

അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സര ദിനമാണിന്ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വരും. മത്സരത്തില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുമോ അതോ ഫീല്‍ഡിംഗ് തീരുമാനിക്കുമോ? ഐപിഎല്‍ 2025 സീസണിലെ മുന്‍ മത്സരങ്ങളുടെ അടിസ്ഥാനത്തിലുള്ള സാധ്യത പരിശോധിക്കാം. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഗുജറാത്ത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ റെക്കോര്‍ഡ്. ഇവിടെ നടന്ന ഏഴ് മത്സരങ്ങളില്‍ ഫസ്റ്റ് ബാറ്റിംഗിലെ ശരാശരി സ്കോര്‍ 221 റണ്‍സാണ്. അതേസമയം ചേസ് ചെയ്ത ടീം ഒരുവട്ടം മാത്രമാണ് ജയിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 204 റണ്‍സ് പിന്തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് ജയിച്ചത് മാത്രമാണ് ഈ സീസണില്‍ അഹമ്മദാബാദില്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ച ഏക സംഭവം. ഈ സീസണില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ നേടിയത് 243, 196, 217, 203, 224, 235 എന്നിങ്ങനെയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാകട്ടെ 232, 160, 159, 204, 186, 202,147 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ നാളിതുവരെയുള്ള റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഇതുവരെ ഇവിടെ 43 കളികളാണ് നടന്നത്. ഇതില്‍ 21 വീതം മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും വിജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഈ സീസണില്‍ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 243 റണ്‍സാണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. കുറഞ്ഞ ടീം ടോട്ടലാവട്ടെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2024 സീസണില്‍ പുറത്തായ 87 റണ്‍സും. 

അഹമ്മദാബാദില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ഐപിഎല്‍ ക്വാളിഫയര്‍ ആരംഭിക്കുക. ജയിക്കുന്ന ടീം ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. പഞ്ചാബിനെ ശ്രേയസ് അയ്യരും മുംബൈയെ ഹാര്‍ദിക് പാണ്ഡ്യയുമാണ് നയിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം