പഞ്ചാബ് കിംഗ്സ് നിരയിൽ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 

മൊഹാലി: ഐപിഎൽ ക്വാളിഫയര്‍-1ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 14.1 ഓവറിൽ വെറും 101 റൺസ് നേടാനേ സാധിച്ചുള്ളൂ. 3 വിക്കറ്റുകൾ വീതം നേടിയ സുയാഷ് ശര്‍മ്മയും ജോഷ് ഹേസൽവുഡുമാണ് പ‌ഞ്ചാബ് ഇന്നിംഗിസിനെ പിടിച്ചുകെട്ടിയത്. 

തകര്‍ച്ചയോടെയാണ് പഞ്ചാബിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ പഞ്ചാബിന് നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാൻ സിംഗ് (18), പ്രിയാൻഷ് ആര്യ (7), നായകൻ ശ്രേയസ് അയ്യര്‍ (2), ജോഷ് ഇംഗ്ലിസ് (4) എന്നിവര്‍ നിലയുറപ്പിക്കാനാകാതെ മടങ്ങി. പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും തന്നെ പഞ്ചാബിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകാനായില്ല. 17 പന്തിൽ 26 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്ന് ഒഴിവാക്കിയത്. നെഹാൽ വധേര 8 റൺസുമായും ശശാങ്ക് സിംഗ് 3 റൺസുമായും മടങ്ങി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മുഷീര്‍ ഖാന് ഒരു റൺ പോലും നേടാനായില്ല. 78 റൺസ് നേടിയപ്പോഴേയ്ക്കും 8 വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഹര്‍പ്രീത് ബ്രാറും അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ന്ന് പഞ്ചാബിന്റെ സ്കോര്‍ 97 വരെ എത്തിച്ചു. സ്കോര്‍ 101ൽ നിൽക്കെ അസ്മത്തുള്ള ഒമര്‍സായിയെ (18) ഹേസൽവുഡ് മടക്കിയയച്ചതോടെ പഞ്ചാബിന്റെ പതനം പൂര്‍ത്തിയായി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി സുയാഷ് ശര്‍മ്മ 3 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് 3.1 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. യാഷ് ദയാൽ രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.