ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ പഞ്ചാബിനായി പ്രിയാന്‍ഷും പ്രഭ്‌സിമ്രാനും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ഫസല്‍ ഹഖ് ഫാറൂഖി എറി‍ഞ്ഞ ആദ്യ ഓവറില്‍ ഇരുവരും ചേര്‍ന്ന് 11 റണ്‍സടിച്ചു.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തിട്ടുണ്ട്. ആറ് പന്തില്‍ 11 റണ്‍സോടെ നെഹാല്‍ വധേരയും 11 പന്തില്‍ 13 റണ്‍സുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും ക്രീസില്‍. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെയും 10 പന്തില്‍ 21 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെയും റണ്ണൊന്നുമെടുക്കാത്ത മിച്ചല്‍ ഓവന്‍റെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേശ്‌പാണ്ഡെ രണ്ടും മഫാക്ക ഒരു വിക്കറ്റുമെടുത്തു.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ പഞ്ചാബിനായി പ്രിയാന്‍ഷും പ്രഭ്‌സിമ്രാനും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ഫസല്‍ ഹഖ് ഫാറൂഖി എറി‍ഞ്ഞ ആദ്യ ഓവറില്‍ ഇരുവരും ചേര്‍ന്ന് 11 റണ്‍സടിച്ചു. തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ നല്‍കിയ ക്യാച്ച് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫസൽഹഖ് ഫാറൂഖി നിലത്തിട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ദേശ്‌പാണ്ഡെ പ്രിയാന്‍ഷിനെ മിഡ് ഓഫില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ കൈകളിലെത്തിച്ച് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

മൂന്നാം ഓവര്‍ എറിയാനെത്തിയ മഫാക്കയെ പ്രഭ്‌സിമ്രാന്‍ ബൗണ്ടറിയോടെയാണ് വരവേറ്റത്. പിന്നീട് ഒരു ബൗണ്ടറിയും സിക്സും കൂടി വഴങ്ങിയെങ്കിലും അവസാന പന്തില്‍ മിച്ചല്‍ ഓവനെ(0) സഞ്ജുവിന്‍റെ കൈകളിലെത്തിച്ച മഫാക്ക പഞ്ചാബിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. തൊട്ടു പിന്നാലെ നാലാം ഓവറിലെ ആദ്യ പന്തില്‍ പ്രഭ്‌സിമ്രാനെ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ച തുഷാര്‍ ദേശ്പാണ്ഡെ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. വിക്കറ്റ് നഷ്ടമായെങ്കിലും നാലാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം പഞ്ചാബ് ഒമ്പത് റണ്‍സെടുത്തു. മഫാക്ക എറിഞ്ഞ അഞ്ചാം ഓവറില്‍ അഞ്ച് റണ്‍സെ പഞ്ചാബിന് നേടാനായുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 10 റണ്‍സ് കൂടി പഞ്ചാബ് പവര്‍ പ്ലേില്‍ 58 റണ്‍സിലെത്തി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ മിച്ചല്‍ ഓവനും മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഓമര്‍സായിയും പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ രാജസ്ഥാന്‍ നിരയില്‍ നായകനായി സഞ്ജു സാംസണ്‍ തിരിച്ചെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് റാണക്ക് പകരം സഞ്ജു രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ക്വേന മഫാക്കയും രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻശി, സഞ്ജു സാംസൺ(ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, വാനിന്ദു ഹസരംഗ, ക്വേന മഫക, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്‌വാൾ, ഫസൽഹഖ് ഫാറൂഖ്.