ക്രിക്കറ്റില്‍ യഥാര്‍ത്ഥ ആരാധകരുള്ളത് എം എസ് ധോണിക്ക് മാത്രമാണെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മുടക്കിയപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയ്ക്ക് ആദരമൊരുക്കാനായി തൂവെള്ള ജേഴ്സിയും ധരിച്ച് പതിനായിരക്കണക്കിന് ആരാധകരാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടെങ്കിലും ആർസിബി ആരാധകര്‍ കോലിക്ക് ആദരമൊരുക്കിയത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
ഇതിനിടെ ക്രിക്കറ്റില്‍ യഥാര്‍ത്ഥ ആരാധകരുള്ളത് എം എസ് ധോണിക്ക് മാത്രമാണെന്നും ബാക്കിയെല്ലാം സോഷ്യല്‍ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഐപിഎല്ലിനിടെ ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു ഹര്‍ഭജന്‍റെ പ്രസ്താവന. ഏതെങ്കിലും ക്രിക്കറ്റ് താരത്തിന് യഥാര്‍ത്ഥ ആരാധകരുണ്ടെങ്കില്‍ അത് എം എസ് ധോണിക്കാണ്. ബാക്കിയെല്ലാം സോഷ്യൽ മീഡിയയിലെ പെയ്ഡ് ഫാന്‍സ് ആണെന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആരാധകരാണ് യഥാര്‍ത്ഥ ആരാധരെന്നും ബാക്കിയെല്ലാം ഇന്നത്തെ സോഷ്യല്‍ മീഡിയ കാലത്ത് പെയ്ഡ് ആയി വരുന്നവരാണെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ആകാശ് ചോപ്രയോട് ഹര്‍ഭജന്‍ പറഞ്ഞത്. നിങ്ങള്‍ ഇത്രയും സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയരുതായിരുന്നു എന്നാണ് ഇതിന് മറുപടിയായി ആകാശ് ചോപ്ര പറഞ്ഞത്. എന്നാല്‍ ഇത് ആരെങ്കിലും പറയേണ്ടെ എന്നായിരുന്നു ഇതിന് ഹര്‍ഭജന്‍ നല്‍കിയ മറുപടി. ഹര്‍ഭജന്‍റെ പ്രസ്താവന വിരാട് കോലി ആരാധകരെ ലക്ഷ്യമിട്ടാണെന്ന ചര്‍ച്ചയും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുടങ്ങി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മത്സരങ്ങള്‍ കാണാനെത്തുന്ന ചെന്നൈ ആരാധകരെ നോക്കു. അവര്‍ ധോണിയുടെ കളി കാണാനാണ് എത്തുന്നത്. അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം കളി തുടരാം. എന്‍റെ ടീമിലായിരുന്നെങ്കില്‍ ഞാന്‍ വ്യത്യസ്തമായ തീരുമാനം എടുക്കുമായിരുന്നു. അദ്ദേഹം കളിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ധോണി ആരാധകരാണ് യഥാര്‍ത്ഥ ആരാധകരെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബാക്കിയെല്ലാം സോഷ്യല്‍ മീഡിയ വഴി വരുന്ന പെയ്ഡ് ഫാന്‍സ് ആണ്. അവെക്കുറിച്ച് പറയുകയാണെങ്കില്‍ ഈ ചര്‍ച്ച മറ്റു പലവഴിക്കും പോകുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.