റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ മുന്‍ താരം കൂടിയായ കെ എല്‍ രാഹുലാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്സുമായി നിറഞ്ഞാടിയത്
യഷ് ദയാലിനെ സിക്‌സര്‍ പറത്തി അതിമാരക ഫിനിഷിംഗ്, അതിന് ശേഷം ബാറ്റെടുത്തൊരു കളം വരച്ച്, നിലത്ത് കുത്തിനിര്‍ത്തിയൊരു പ്രഖ്യാപനം. 'ഇതെന്‍റെ മൈതാനമാണ്, ഇതെന്‍റെ വീടാണ്. മറ്റാരേക്കാളും ഇവിടം നന്നായി എനിക്കറിയാം'.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആര്‍സിബിയെ ചിന്നസ്വാമിയില്‍ ചാമ്പലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് കുതിച്ച ശേഷം കെ എല്‍ രാഹുലിന്‍റെ വാക്കുകളാണിത്. ഐപിഎല്ലിലെ തന്‍റെ 2020 സീസണിലെ ഡ്രീം റണ്‍ ഓര്‍മ്മിപ്പിച്ചുള്ള രാഹുല്‍ ഷോ. റണ്‍ ചേസുകളില്‍ കിരീടം വെക്കാത്ത രാജാവാണ് താനെന്ന് തെളിയിച്ചുള്ള മറ്റൊരു ഇന്നിംഗ്സ്. രണ്ട് പ്രത്യേകതകളുണ്ട് ചിന്നസ്വാമിയില്‍ പെരിയ താരമായുള്ള കെ എല്‍ രാഹുലിന്‍റെ വണ്‍മാന്‍ ഷോയ്ക്ക്. മുമ്പ് കൈവിട്ട റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവരുടെ മൈതാനത്ത് വച്ചുള്ള ചുട്ട മറുപടി. കഴിഞ്ഞ സീസണില്‍ അപമാനിച്ചിറക്കിവിട്ട ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനോടുള്ള മധുര പ്രതികാരം.
കെ എല്‍ രാഹുലിന്‍റെ ആദ്യ മറുപടി മുന്‍ ടീമായ ആര്‍സിബിക്ക് തന്നെ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒട്ടും പ്രതീക്ഷ നല്‍കുന്ന തുടക്കമായിരുന്നില്ല ലഭിച്ചത്. 30 റണ്‍സിനിടെ ടോപ് ത്രീ കൂടാരം കയറി. ഫാഫ് ഡുപ്ലസിസ് രണ്ട്, ജേക്ക് ഫ്രേസര്‍-മര്‍ഗര്‍ക്കും അഭിഷേക് പോരലും നേടിയത് ഏഴ് റണ്‍സ് വീതവും. എന്നാല്‍ തളരാത്ത ഒരു പോരാളി അവിടെ ഉദയം ചെയ്തു. ചിന്നസ്വാമി ഹോം ഗ്രൗണ്ടായ കര്‍ണാടക ബാറ്റര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് മധ്യനിരയുടെ നെടുതൂണ്‍, വണ്‍ ആന്‍ഡ് ഒണ്‍ലി കെ എല്‍ രാഹുല്‍. അണ്ടര്‍ തലങ്ങളില്‍ മുതല്‍ കെ എല്‍ രാഹുല്‍ കളിച്ച് പരിചയിച്ച പിച്ചാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. ചിന്നസ്വാമിയിലെ ഓരോ വാരയും രാഹുലിന് സമം എന്ന് പറയുന്നതാവും ശരി. അതുതന്നെ ആര്‍സിബിക്കെതിരായ മത്സരത്തിലും രാഹുലിന്‍റെ ബാറ്റില്‍ കണ്ടു, ക്രീസില്‍ കാലുറപ്പിച്ച് ടീമിനെ സ്വന്തം ചുമലില്‍ കരകയറ്റിയ ശേഷം രാഹുലിന്‍റെ മരണമാസ് ഫിനിഷിംഗ്.
ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സ് 11 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ബോര്‍ഡ് 67-4 എന്ന നിലയിലായിരുന്നു. കെ എല്‍ രാഹുല്‍ 29 പന്തില്‍ 29 റണ്‍സും. നാലാമനായി ക്രീസിലെത്തിയ രാഹുല്‍ പുറത്താവാതെ 53 പന്തുകളില്‍ ഏഴ് ഫോറും ആറ് സിക്‌സറുകളും സഹിതം 93* റണ്‍സുമായി മത്സരം തീര്‍ത്തു. പ്രഹരശേഷി 175.47. അഞ്ചാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പം രാഹുല്‍ വക പുറത്താവാതെ 111* റണ്‍സ് പാര്‍ട്‌സര്‍ഷിപ്പ്. അഞ്ചാം വിക്കറ്റിലോ അതിന് താഴെയോ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. മുന്‍നിര തകര്‍ന്ന് ഒരുവേള തോല്‍വി ഉറപ്പിച്ചിരുന്ന ഡല്‍ഹി അങ്ങനെ 17.5 ഓവറില്‍ അനായാസം ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുന്നു. അതും വേഗക്കാരന്‍ യഷ് ദയാലിനെതിരെ രാഹുലിന്‍റെ സിക്സര്‍ ഫിനിഷിംഗില്‍. അതിന് മുമ്പ്, റണ്‍വഴങ്ങുന്നതില്‍ അറുപിശുക്കന്‍ എന്ന വിശേഷണമുള്ള പേസര്‍ ജോഷ് ഹേസല്‍വുഡിനെ രാഹുല്‍ കണക്കിന് പ്രഹരിച്ചു. നേര്‍ക്കുമേര്‍ പോരില്‍ മികച്ച മുന്‍കാല റെക്കോര്‍ഡുള്ള സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യക്കും കിട്ടി രാഹുല്‍ വക ശിക്ഷ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ മേധാവിത്വം പുലര്‍ത്തിയുള്ള രാഹുലിന്‍റെ ഇന്നിംഗ്സ്.
'രാഹുല്‍ മികച്ച ഫിനിഷറല്ല, സെഞ്ചുറിയടിക്കും പക്ഷേ, അവസാനം വരെ ക്രീസില്‍ നിന്ന് ടീമിനെ തോല്‍പിക്കും'- എന്നത് കാലങ്ങളായി അയാള്‍ കേള്‍ക്കുന്ന ആക്ഷേപമാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കണക്ക് ഓര്‍മ്മിപ്പിക്കാം. ഐപിഎല്ലിലെ സക്‌സസ്‌ഫുള്‍ റണ്‍-ചേസുകളില്‍ 25 ഇന്നിംഗ്സില്‍ 71 ശരാശരിയിലും 148.58 പ്രഹരശേഷിയിലും 12 ഫിഫ്റ്റികള്‍ സഹിതം രാഹുലിന് 1208 റണ്‍സുണ്ട്. ഇനിയാര്‍ക്ക് അയാളുടെ ഫിനിഷിംഗ് പാടവത്തെ കുറ്റപ്പെടുത്താനാകും.
കെ എല്‍ രാഹുലിന്‍റെ രണ്ടാമത്തെ മറുപടി ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനുള്ളതാണ്. പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്‍റിനായാണ് രാഹുല്‍ കളിച്ചിരുന്നത്. എന്നാല്‍ തോല്‍വികളില്‍ ടീമുടമ മൈതാനത്ത് വച്ച് അപമാനിച്ച് രാഹുലിനെ ഇറക്കിവിട്ടു. മെഗാ താരലേലത്തിന് മുമ്പ് രാഹുലിനെ ലക്നൗ കൈയൊഴിഞ്ഞു. ഒടുവില്‍ താരലേലത്തില്‍ മോഹവിലയായ 14 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ സ്വന്തമാക്കി. അന്ന് പലരും മൂക്കത്ത് വിരല്‍വെച്ചു. ഓപ്പണറായി ഇറങ്ങി അവസാന ഓവര്‍ വരെ ക്രീസില്‍ നിന്നാലും രാഹുല്‍ ടീമിനെ ജയിപ്പിക്കില്ലെന്ന് പലരും ആക്ഷേപിച്ചു. രാഹുലിനെ ടീമിലെടുത്ത ഡല്‍ഹിയെ പലരും ട്രോളി. എന്നാല്‍ ആ പഴിക്കെല്ലാം കെ എല്‍ രാഹുല്‍ ഐപിഎല്‍ 2025 സീസണിന്‍റെ തുടക്കത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഇതിനകം മൂന്ന് മത്സരങ്ങളില്‍ 92.50 ശരാശരിയിലും 169.72 സ്ട്രൈക്ക്‌റേറ്റിലും 185 റണ്‍സ്.
കെ എല്‍ രാഹുലിന്‍റെ വിമര്‍ശകര്‍ ഇനിയെന്ത് ചെയ്യും. അയാള്‍ ഒന്നൊന്നര ഫിനിഷിംഗുമായി കളിപിടിച്ചിരിക്കുന്നു. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനാവുമെന്ന ആര്‍ജവം തെളിയിച്ചിരിക്കുന്നു. ഈ രാഹുല്‍ ഷോയ്‌ക്കൊടുവില്‍ ലക്നൗ ടീം മാനേജ്‌മെന്‍റ് എങ്ങനെ ഇന്നലെ രാത്രി ഉറങ്ങിത്തീര്‍ത്തുകാണും. ക്യാപ്റ്റനല്ലായിരിക്കാം, പക്ഷേ ടീമിന്‍റെ നെടുനായകത്വം വഹിക്കുന്ന മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. രാഹുലിന്‍റെ ചുമലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ച നാലും ജയിച്ച് കുതിപ്പിലാണ്. സീസണില്‍ തോല്‍വി രുചിക്കാത്ത ഏക ടീം.
