കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമാകാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരു: ഐപിഎല്ലിൽ വീണ്ടും മഴയുടെ കളി. ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമാകാതെ വരികയായിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് ഒരു പടി കൂടി അടുത്തു.
ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ പത്ത് ദിവസത്തോളം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ടൂർണമെന്റ് പുന:രാരംഭിച്ചപ്പോൾ ഒരു ഹൈ വോൾട്ടേജ് പോരാട്ടത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ, ടോസ് പോലും സാധ്യമാകാത്ത രീതിയിലേയ്ക്കാണ് കാര്യങ്ങളെത്തിയത്. മഴ ശമനമില്ലാതെ ഉറച്ചു പെയ്തതോടെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. ഇതോടെ 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി. പ്ലേ ഓഫ് സാധ്യത ശക്തമാക്കുകയും ചെയ്തു. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസോ പഞ്ചാബ് കിംഗ്സോ പരാജയപ്പെട്ടാൽ ബെംഗളൂരു ഔദ്യോഗികമായി പ്ലേ ഓഫിന് യോഗ്യത നേടും. ഞായറാഴ്ച വൈകുന്നേരം 3.30ന് നടക്കാനിരിക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെയും രാത്രി 7.30ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെയുമാണ് നേരിടുക.