2022ൽ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിൽ 35 റൺസ് അടിച്ചെടുത്ത് ബുമ്ര റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ ബാറ്റിംഗ് പരിശീലനം കണ്ട് അമ്പരന്ന് ആരാധകര്‍. മുംബൈ ഇന്ത്യൻസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ബുമ്രയുടെ ബാറ്റിംഗ് പരിശീലനം വൈറലായി കഴിഞ്ഞു. തകര്‍പ്പൻ ഷോട്ടുകളിലൂടെ നെറ്റ്സിൽ തീപടര്‍ത്തിയിരിക്കുകയാണ് ബുമ്ര.
ഓഫ് സൈഡിലും ലെഗ് സൈഡിലും ഒരുപോലെ ഷോട്ടുകൾ പായിക്കുന്ന ബുമ്രയുടെ വീഡിയോയാണ് മുംബൈ പങ്കുവെച്ചിരിക്കുന്നത്. ക്ലാസിക് ഡ്രൈവുകളും കൂറ്റൻ ഷോട്ടുകളുമെല്ലാം ബുമ്ര പുറത്തെടുത്തു. പന്തുകളെല്ലാം ബാറ്റിൽ കൃത്യമായി മിഡിൽ ചെയ്യുന്ന ബുമ്രയുടെ പ്രകടനം കണ്ടാൽ ആരും അമ്പരന്നുപോകുമെന്ന് ഉറപ്പാണ്. ഇത് ശരിവെയ്ക്കുന്ന കമന്റുകളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ബുമ്രയെ രോഹിത് ശര്‍മ്മയ്ക്കൊപ്പം മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറാക്കണമെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴാണ് ബുമ്ര ശരിക്കും ബും ബും ആയതെന്നാണ് മറ്റ് ചിലരുടെ കമന്റുകൾ. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സ്ഥാനത്തിന് ഇളക്കം സംഭവിച്ചേക്കാമെന്ന് പറയുന്നവര്‍ പോലുമുണ്ട്.
അതേസമയം, ഇംഗ്ലണ്ടിന്റെ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് പലരും സ്മരിക്കുന്നത്. ബ്രോഡ് ഇപ്പോൾ വീണ്ടും വിയര്‍ത്തുകാണുമെന്നാണ് ആരാധകര്‍ പറയുന്നത്. കാരണം, 2022ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ സ്റ്റുവര്‍ട്ട് ബ്രോഡ് ബുമ്രയുടെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം ടെസ്റ്റിലാണ് ബുമ്ര ചരിത്രം കുറിച്ചത്. ബ്രോഡിന്റെ ഒരോവറിൽ 35 റൺസാണ് ബുമ്ര അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഒരു ബൗളര്‍ വഴങ്ങിയ ഏറ്റവും ഉയര്‍ന്ന റൺസായി ഇത് മാറി. മൂന്ന് വര്‍ഷത്തിനിപ്പുറവും ബുമ്രയുടെ റെക്കോര്‍ഡിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.


