വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങളില്‍ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആധികാരിക വിജയം നേടിയതോടെ പോയിന്‍റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും മാറ്റം. വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുള്ള പർപ്പിൾ ക്യാപ്പിന്‍റെ പുതിയ അവകാശി. 10 വിക്കറ്റുമായാണ് പ്രസിദ്ധ് ഒന്നാമതെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ രവി ബിഷ്ണോയ് 9 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ അൻഷുൽ കംബോജ് 8 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ലക്നൗ പേസര്‍ പ്രിൻസ് യാദവ് ആര്‍സിബി പേസര്‍ഡ ജേക്കബ് ഡഫി എന്നിവര്‍ 6 വിക്കറ്റുകൾ വീതം നേടി നാലാമതാണ്.

റണ്‍വേട്ടക്കാരിലെ ഒന്നാമനാവാനുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് വെല്ലുവിളിയായി ആര്‍സിബി നായകന്‍ രജത് പാട്ടിദാർ എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. വൈഭവ് സൂര്യവംശി 200 റൺസുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനാണെങ്കിലും മുംബൈ ഇന്ത്യൻസിനെതിരെ 20 പന്തിൽ 53 റൺസ് അടിച്ചുകൂട്ടിയ ആർസിബി നായകൻ രജത് പാട്ടിദാർ 195 റൺസുമായി തൊട്ടുപിന്നിലുണ്ട്. 184 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെൻറിച്ച് ക്ലാസൻ, രാജസ്ഥാന്‍റെ യശസ്വി ജയ്‌സ്വാൾ(183), ആര്‍സിബിയുടെ വിരാട് കോലി(179) എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. ധ്രുവ് ജുറെല്‍(176), ജോസ് ബട്‌ലര്‍(176), സമീര്‍ റിസ്‌വി(166), ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ (165 റൺസ്) ഒൻപതാം സ്ഥാനത്താണ്. അംഗ്രിഷ് രഘുവംശി(155) ആണ് പത്താമത്. നാലു മത്സരങ്ങളില്‍ 137 റണ്‍സടിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ പതിമൂന്നാം സ്ഥാനത്താണ്.

മുംബൈയെ 18 റൺസിന് പരാജയപ്പെടുത്തിയ ആർ.സി.ബി 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ തുടർച്ചയായ രണ്ടാം ജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. തുടർച്ചയായ മൂന്നാം തോല്‍വിയോടെ മുംബൈ എട്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ ചെന്നൈ ഒമ്പതാം സ്ഥാനത്തും കൊല്‍ക്കത്ത പത്താമതുമാണ്. രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തുളള പട്ടികയില്‍ പഞ്ചാബാണ് രണ്ടാമത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടേബിൾ ടോപ്പർമാരായ രാജസ്ഥാൻ റോയൽസിനെ നേരിടും.