ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (57 പന്തുകളില്‍ 96), ജോഷ് ഇംഗ്ലിസും (29 പന്തുകളില്‍ 60) അര്‍ധസെഞ്ച്വറികള്‍ നേടി

ജയ്‌പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 221 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ ടീം നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സെടുത്തു. ലക്‌നൗവിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (57 പന്തുകളില്‍ 96), ജോഷ് ഇംഗ്ലിസും (29 പന്തുകളില്‍ 60) അര്‍ധസെഞ്ച്വറികള്‍ നേടി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ വെടിക്കെട്ടും ലക്‌നൗവിന് നിര്‍ണായകമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലിസ്- മാര്‍ഷ് ഷോ

ഓസീസ് സഖ്യമായ മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ പവര്‍പ്ലേയില്‍ തന്നെ ടോപ് ഗിയറിലാക്കി. ജോഫ്ര ആര്‍ച്ചറെയും സുശാന്ത് മിശ്രയെയും സന്ദീപ് ശര്‍മ്മയെയും ബ്രിജേഷ് ശര്‍മ്മയും തല്ലിച്ചതച്ച് ഇരുവരും ആറോവറില്‍ ടീമിനെ വിക്കറ്റ് നഷ്‌ടമില്ലാതെ 83-ല്‍ എത്തിച്ചു. ഒമ്പതാം ഓവറില്‍ യുവ സ്‌പിന്നര്‍ യാഷ് രാജ് പുഞ്ച പുറത്താക്കുമ്പോള്‍ ഇംഗ്ലിസ് 29 പന്തുകളില്‍ 60 റണ്‍സ് നേടിയിരുന്നു. ഒന്നാം വിക്കറ്റില്‍ പിറന്നത് 109 റണ്‍സ്. വണ്‍ഡൗണ്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ 11 പന്തില്‍ 16 റണ്‍സെടുത്ത് 13-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 150 ഉം കടന്നിരുന്നു. ഈ വിക്കറ്റും യാഷിനായിരുന്നു. മാര്‍ഷിനൊപ്പം ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കേ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലക്‌നൗ സ്കോര്‍ 182-2.

മിച്ചല്‍ മാര്‍ഷ് 96

അടി തുടര്‍ന്ന മിച്ചല്‍ മാര്‍ഷും റിഷഭ് പന്തും 18-ാം ഓവറില്‍ ലക്‌നൗവിനെ 200 കടത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റിഷഭ് പന്ത് (23 പന്തുകളില്‍ 35) റണ്ണൗട്ടായി. ഒരു പന്ത് ബാക്കിനില്‍ക്കേ മാര്‍ഷും റണ്ണൗട്ടായപ്പോള്‍ അവസാന ബോളില്‍ ആയുഷ് ബദോനി ബൗള്‍ഡായി. 20-ാം ഓവറില്‍ ആര്‍ച്ചര്‍ അഞ്ച് റണ്‍സ് മാത്രമാണ് വഴങ്ങിയത്. 

ലക്‌നൗ പ്ലേയിംഗ് ഇലവന്‍: മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ആയുഷ് ബദോനി, അബ്‌ദുള്‍ സമദ്, ഷഹ്‌ബാസ് അഹമ്മദ്, മൊഹ്‌സീന്‍ ഖാന്‍, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിന്‍സ് യാദവ്.

രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍ (ക്യാപ്റ്റന്‍), ലുയാൻ-ഡ്രെ പ്രിറ്റോറിയസ്, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍) ഡൊണോവൻ ഫെരേര, ശുഭം ദുബേ, ദാസുന്‍ ശനക, ജോഫ്ര ആര്‍ച്ചര്‍, സുശാന്ത് മിശ്ര, സന്ദീപ് ശര്‍മ്മ, ബ്രിജേഷ് ശര്‍മ്മ, യാഷ് രാജ് പുഞ്ജ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News