ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 218 റൺസിന് ഓൾ ഔട്ടായെങ്കിലും ഇന്ത്യക്ക് 214 റൺസ് അടിച്ചെടുത്താൽ മതി.
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഒരു പന്ത് പോലും നേരിടും മുൻപ് തന്നെ ഇന്ത്യൻ സ്കോർ ബോർഡിലെത്തിയത് 5 റൺസ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 218 റൺസിന് ഓൾ ഔട്ടായെങ്കിലും ഇന്ത്യക്ക് ജയിക്കാൻ 214 റൺസ് അടിച്ചെടുത്താൽ മതി. ആദ്യ പന്ത് നേരിടുന്നതിന് മുൻപ് തന്നെ 5-0 എന്ന നിലയിലാണ് ഇന്ത്യ റൺ ചേസ് ആരംഭിച്ചത് എന്നതിനാലാണിത്. ക്രിക്കറ്റില്‍ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പെനാൽറ്റി റൺസ് നിയമമാണ് ഇവിടെ ഇന്ത്യക്ക് തുണയായത്. സെഞ്ചുറി നേടി പൊരുതിയ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി വരുത്തിയ പിഴവാണ് അവർക്ക് വിനയായത്.
അഫ്ഗാൻ ഇന്നിങ്സിലെ 40-ാം ഓവറിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ബാറ്റ് ചെയ്യുകയായിരുന്ന അഫ്ഗാനിസ്ഥാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി പിച്ചിന്‍റെ 'അപകട മേഖല'യിലൂടെ(പിച്ചിന്‍റെ മധ്യഭാഗത്തുള്ള സംരക്ഷിത പ്രദേശം) ഓടിയതിനാണ് അമ്പയർമാർ പെനാൽറ്റി വിധിച്ചത്. ക്രിക്കറ്റ് നിയമപ്രകാരം പിച്ചിന് കേടുപാടുകൾ വരുത്തുന്ന രീതിയിൽ ബൗളർമാരോ ബാറ്റർമാരോ ഈ ഭാഗത്തുകൂടി ഓടാൻ പാടില്ല. മത്സരത്തിനിടയിൽ ഒരു തവണ അമ്പയർമാർ ഷാഹിദിക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചതോടെ അമ്പയർമാർ അഫ്ഗാൻ ടീമിന് 5 റൺസ് പെനാൽറ്റി ചുമത്തുകയും ഇത് ഇന്ത്യയുടെ സ്കോറിനൊപ്പം ചേര്‍ക്കുകയുമായിരുന്നു.
ഇന്ത്യക്ക് ലക്ഷ്യം 214 റൺസ്; കാത്തിരിക്കുന്നത് 'വൈറ്റ് വാഷ്'
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെ കന്നി ഏകദിന സെഞ്ചുറി കരുത്തിലാണ് 44.5 ഓവറിൽ 218 റൺസെടുത്തത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 5 വിക്കറ്റ് വീഴ്ത്തി. അഫ്ഗാൻ നേടിയ സ്കോർ അനുസരിച്ച് ഇന്ത്യയുടെ ഔദ്യോഗിക വിജയലക്ഷ്യം 219 റൺസ് ആണെങ്കിലും, പെനാൽറ്റി റൺസ് നേരത്തെ തന്നെ ലഭിച്ചതിനാൽ ഇന്ത്യക്ക് ജയിക്കാൻ 50 ഓവറിൽ 214 റൺസ് മാത്രം എടുത്താൽ മതി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഇതിനകം തന്നെ 2-0 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ 2025 ജനുവരിക്ക് ശേഷം ആദ്യമായി ഒരു ഏകദിന പരമ്പര പൂർണ്ണമായി തൂത്തുവാരാൻ ഇന്ത്യക്ക് സാധിക്കും. 2025ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തത്.
