തുടക്കത്തിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യന്‍സ് പ്രതിരോധത്തിലായിരുന്നു, വാംഖഡെ പിച്ചാണെങ്കില്‍ അത്ര വിചിത്ര രൂപവും കാട്ടി 

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് സ്ഥാനം നിര്‍ണയിക്കുന്ന നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വാംഖഡെയില്‍ അവസാന രണ്ടോവര്‍ വെടിക്കെട്ടില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തു. വാംഖഡെയിലെ വിചിത്ര പിച്ചില്‍ റണ്ണൊഴുക്കാന്‍ 18 ഓവറുകള്‍ വരെയും പേരുകേട്ട മുംബൈ ബാറ്റര്‍മാര്‍ക്കായില്ല. ഇതിന് ശേഷം 19, 20 ഓവറുകളില്‍ സൂര്യ-നമാന്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈക്ക് മികച്ച സ്കോറൊരുക്കിയത്. 

തുടക്കത്തിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യന്‍സ് പ്രതിരോധത്തിലായിരുന്നു. മുസ്‌താഫിസൂര്‍ റഹ്‌മാന്‍ പുറത്താക്കുമ്പോള്‍ രോഹിത്തിന് 5 പന്തുകളില്‍ അഞ്ച് റണ്‍സേ ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം റയാന്‍ റിക്കെള്‍ട്ടണ്‍- വില്‍ ജാക്‌സ് സഖ്യം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 13 പന്തില്‍ 21 എടുത്ത ജാക്‌സിനെ മുകേഷ് കുമാറും, 18 ബോളുകളില്‍ 25 നേടിയ റിക്കെള്‍ട്ടണെ കുല്‍ദീപ് യാദവും പുറത്താക്കിയതോടെ മുംബൈ ഇന്ത്യന്‍സ് 6.4 ഓവറില്‍ 58-3 എന്ന നിലയിലായി. ഇതിന് ശേഷം സൂര്യകുമാര്‍ യാദവ്- തിലക് വര്‍മ്മ സഖ്യം ഇഴഞ്ഞുനീങ്ങിയത് മുംബൈക്ക് തിരിച്ചടിയായി. തിലക് 27 പന്തുകളില്‍ അത്രതന്നെ റണ്‍സേ നേടിയുള്ളൂ. മുകേഷിനായിരുന്നു തിലകിന്‍റെ വിക്കറ്റ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാവട്ടെ ആറ് പന്തുകളില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് ചമീരയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തു. 

360 ഡിഗ്രി ബാറ്റിംഗിന് പേരുകേട്ട സൂര്യകുമാര്‍ യാദവിന് പോലും വാംഖഡെ പിച്ചില്‍ താളം കണ്ടെത്താന്‍ പാടുപെടേണ്ടിവന്നു. ഒടുവില്‍ 36 പന്തുകളില്‍ സൂര്യ അര്‍ധസെഞ്ചുറി തികച്ചു. ഇന്നിംഗ്സിലെ അവസാന രണ്ടോവറുകളിലാണ് മുംബൈ ഇന്ത്യന്‍സ് കരകയറിയത്. സൂര്യകുമാര്‍ യാദവും നമാന്‍ ധിറും 19-ാം ഓവറില്‍ മുകേഷ് കുമാറിനെതിരെ 27 റണ്‍സും, 20-ാം ഓവറില്‍ ദുഷ്‌മന്ത ചമീരയ്ക്കെതിരെ 21 റണ്‍സുമടിച്ചു. മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ സൂര്യകുമാര്‍ 43 പന്തുകളില്‍ 73* ഉം, നമാന്‍ 8 പന്തുകളില്‍ 24* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം