മുംബൈയ്ക്ക് എതിരെ നിര്‍ണായക ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്. റയാൻ റിക്കൽട്ടണും (22) സൂര്യകുമാര്‍ യാദവു(6)മാണ് ക്രീസിൽ. രോഹിത് ശര്‍മ്മയുടെയും വിൽ ജാക്സിന്റെയും വിക്കറ്റുകളാണ് മുബൈയ്ക്ക് നഷ്ടമായത്. 

ഡൽഹിയ്ക്ക് വേണ്ടി മുകേഷ് കുമാറാണ് ബൗളിംഗിന് തുടക്കമിട്ടത്. മികച്ച രീതിയിൽ പന്തെറിഞ്ഞ മുകേഷ് ആദ്യ ഓവറിൽ വെറും 7 റൺസ് മാത്രമാണ് വഴങ്ങിയത്. മത്സരത്തിന്റെ അഞ്ചാം പന്തിൽ രോഹിത് ശര്‍മ്മ മുംബൈയ്ക്ക് വേണ്ടി ആദ്യ ബൗണ്ടറി നേടി. രണ്ടാം ഓവറിൽ മത്സരത്തിലെ ആദ്യ സിക്സറും പിറന്നു. രണ്ടാം പന്തിൽ ദുഷ്മന്ത ചമീരയെ അതിര്‍ത്തി കടത്തിയ റയാൻ റിക്കൽട്ടൺ തൊട്ടടുത്ത പന്തിലും സിക്സറടിച്ചതോടെ മുംബൈയുടെ സ്കോര്‍ ഉയര്‍ന്നു. മൂന്നാം ഓവറിൽ മുകേഷ് കുമാറിനെ മാറ്റി ഇടംകയ്യൻ പേസറായ മുസ്താഫിസുര്‍ റഹ്മാനെ പന്തേൽപ്പിക്കാനുള്ള നായകൻ ഫാഫ് ഡുപ്ലസിയുടെ തന്ത്രം ഫലം കണ്ടു. രണ്ടാം പന്തിൽ രോഹിത് ശര്‍മ്മയെ മടക്കിയയച്ച് മുസ്താഫിസുര്‍ പ്രതീക്ഷ കാത്തു. 5 പന്തുകൾ നേരിട്ട രോഹിത്തിന് വെറും 5 റൺസ് മാത്രം നേടാനെ സാധിച്ചുള്ളൂ. വെറും 3 റൺസ് മാത്രം വിട്ടുകൊടുത്ത മുസ്താഫിസുര്‍ റണ്ണൊഴുക്കിന് തടയിട്ടു. മൂന്ന് ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിൽ. 

നാലാം ഓവറിൽ തന്നെ സ്പിന്നറെ ഇറക്കി വീണ്ടും ഡുപ്ലസിയുടെ പരീക്ഷണം. പക്ഷേ, വിൽ ജാക്സ് രണ്ട് ബൗണ്ടറികൾ കണ്ടെത്തിയോടെ വിപ്രാജ് നിഗമിന്റെ ഓവറിൽ 9 റൺസ് പിറന്നു. അഞ്ചാം ഓവറിൽ വീണ്ടും മുസ്താഫിസുറെത്തി. സ്ലോ ബോളുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ബൗണ്ടറിയും സിക്സറും വഴങ്ങിയ മുസ്താഫിസുര്‍ 12 റൺസ് വിട്ടുകൊടുത്തു. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പ് മുകേഷ് കുമാറിനെ കടന്നാക്രമിക്കാൻ ശ്രമിച്ച വിൽ ജാക്സിന് പിഴച്ചു. സിക്സര്‍ കണ്ടെത്താനുള്ള ജാക്സിന്റെ ശ്രമം വിപ്രാജ് നിഗമിന്റെ കൈകളിൽ അവസാനിച്ചു. 13 പന്തിൽ 21 റൺസുമായാണ് വിൽ ജാക്സ് മടങ്ങിയത്. 5.4 ഓവറിൽ മുംബൈയുടെ സ്കോര്‍ 50 തികഞ്ഞു. ആറാം ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിലേയ്ക്ക് പായിച്ച് സൂര്യകുമാര്‍ യാദവ് മുംബൈയുടെ സ്കോര്‍ 54ൽ എത്തിച്ചു.