പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ തീരൂ. 

കൊൽക്കത്ത: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ അവസാനിച്ചപ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ്. 26 റൺസുമായി സുനിൽ നരെയ്നും 21 റൺസുമായി നായകൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. റഹ്മാനുള്ള ഗുര്‍ബാസിന്റെ (26) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 

മത്സരത്തിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ചാണ് റഹ്മാനുള്ള ഗുര്‍ബാസ് കൊൽക്കത്തയുടെ ഇന്നിംഗ്സിന് തുടക്കമിട്ടത്. അവസാന പന്തിലും ഗുര്‍ബാസ് ബൗണ്ടറി നേടി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ദുഷ്മന്ത ചമീരയെ സുനിൽ നരെയ്ൻ കടന്നാക്രമിച്ചു. നരെയ്ൻ രണ്ട് സിക്ശറുകളും ഒരു ബൗണ്ടറിയും നേടിയപ്പോൾ ഗുര്‍ബാസ് അവസാന പന്തിൽ ബൗണ്ടറിയടിച്ചു. 25 റൺസാണ് രണ്ടാം ഓവറിൽ മാത്രം പിറന്നത്. 

മൂന്നാം ഓവറിൽ മിച്ചൽ സ്റ്റാര്‍ക്കിനെതിരെ ഗുര്‍ബാസ് രണ്ട് ബൗണ്ടറികളും ഒരു സിക്സറും പറത്തിയെങ്കിലും അവസാന പന്തിൽ സ്റ്റാര്‍ക്ക് തിരിച്ചടിച്ചു. ഓഫ് സ്റ്റംപിന് പുറത്തേയ്ക്ക് പാഞ്ഞ യോര്‍ക്കര്‍ ഗുര്‍ബാസിന്‍റെ ബാറ്റിലുരഞ്ഞ് കീപ്പര്‍ അഭിഷേക് പോറെലിന്‍റെ കൈകളിലേയ്ക്ക്. 12 പന്തിൽ 26 റൺസുമായാണ് ഗുര്‍ബാസ് മടങ്ങിയത്. 3.4 ഓവറിൽ ടീം സ്കോര്‍ 50 പിന്നിട്ടു. 5-ാം ഓവറിൽ സ്റ്റാര്‍ക്കിനെതിരെ സിക്സറും ബൗണ്ടറിയും നേടി രഹാനെ സ്കോര്‍ ഉയര്‍ത്തി. തൊട്ടടുത്ത ഓവറിലും രഹാനെ ആക്രമണം തുടര്‍ന്നു. രണ്ട് ബൗണ്ടറികൾ സഹിതം മുകേഷ് കുമാറിന്റെ ഓവറിൽ 11 റൺസ് കൂടി നേടിയതോടെ കൊൽക്കത്തയുടെ സ്കോര്‍ 1ന് 79. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ) - റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിംഗ്, അങ്ക്‌കൃഷ് രഘുവംഷി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, റോവ്മാൻ പവൽ, ഹർഷിത് റാണ, അനുകുൽ റോയ്, വരുൺ ചക്കരവർത്തി.

ഇംപാക്ട് സബ്സ് - മനീഷ് പാണ്ഡെ, മായങ്ക് മാർക്കണ്ഡെ, വൈഭവ് അറോറ, രാമൻദീപ് സിംഗ്, ലുവ്‌നിത് സിസോഡിയ.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ) - അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസിസ്, കരുണ് നായർ, കെഎൽ രാഹുൽ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.

ഇംപാക്ട് സബ്സ് - സമീർ റിസ്‌വി, അശുതോഷ് ശർമ്മ, ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ത്രിപുരാന വിജയ്, ഡോണോവൻ ഫെരേര.

READ MORE: കൊൽക്കത്തയ്ക്ക് എതിരെ ടോസ് ജയിച്ച് അക്സര്‍; ആദ്യ രണ്ടിലെത്താൻ ഡൽഹി