മുംബൈ: ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന ഓള്‍ സ്റ്റാര്‍ പോരാട്ടം മാറ്റി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്നോട്ടുവച്ച ആശയം ഇത്തവണ എന്തായാലും ഐപിഎല്ലിന് മുന്‍പ് നടക്കില്ല. ടൂര്‍ണമെന്റിന് ശേഷം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം പറഞ്ഞത്. 

മത്സരം ഉപേക്ഷിക്കില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. ഐപിഎല്‍ കളിക്കുന്ന താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുക്കുക. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പ് ഐപിഎല്‍ ടീമുകളിലെ തെരഞ്ഞെടുത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ സ്റ്റാര്‍ പോരാട്ടം നടത്താനും ഇതില്‍ നിന്നുള്ള വരുമാനം കാരുണ്യ പ്രവര്‍ത്തിക്കള്‍ക്ക് സംഭാവനയായി നല്‍കാനുമായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് വേണ്ടെന്നും തീരുമാനമായിരുന്നു.

മാര്‍ച്ച് 29നാണ് ഐപിഎല്ലിലെ ആദ്യ മത്സരം. നേരത്തെ നിശ്ചയിച്ചതനുസരിച്ചാണെങ്കില്‍ 26നാണ് ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കേണ്ടത്. എന്നാല്‍ മുന്‍നിശ്ചയപ്രകാരം ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കാനിടയില്ലെന്ന് ബിസിസിഐ അനൗദ്യോഗികമായി ഫ്രാഞ്ചൈസികളെ അറിയിച്ചുവെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐപിഎല്ലിന്റെ മത്സരക്രമം കഴിഞ്ഞ ആഴ്ച ബിസിസിഐ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിലൊന്നും ഓള്‍ സ്റ്റാര്‍ പോരാട്ടത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നില്ല.  എന്തായാലും മത്സരത്തിന് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.