സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് പിന്നീട് വിലക്കേര്‍പ്പെടുത്തുകയായിരുന്നു

ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് (S Sreesanth) വീണ്ടും ഐപിഎല്‍ ജേഴ്‌സിയണിയുമോ? ഐപിഎൽ മെഗാതാരലേലം (IPL Auction 2022) ഇന്ന് ബെംഗളൂരുവില്‍ ആരംഭിക്കാനിരിക്കേ മലയാളി ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. താരലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്. 2013ന് ശേഷം ആദ്യമായി ഐപിഎല്‍ ടീമില്‍ എത്താമെന്ന് ശ്രീശാന്ത് പ്രതീക്ഷിക്കുന്നു. 50 ലക്ഷം രൂപയാണ് താരത്തിന്‍റെ അടിസ്ഥാനവില.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്നു എസ് ശ്രീശാന്ത്. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ പിന്നീട് വിലക്കേര്‍പ്പെടുത്തി. നീണ്ട നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് ശ്രീശാന്തിന് 2020ലാണ് നീതി കിട്ടിയത്. കഴിഞ്ഞ സീസണിലും ലേലത്തിന് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശ്രീശാന്ത് അന്തിമപട്ടികയില്‍ ഇടംപിടിച്ചില്ല. 39-ാം വയസിലാണ് ഐപിഎല്‍ തിരിച്ചുവരവിന് ശ്രീശാന്ത് തയ്യാറെടുക്കുന്നത്. 

കേരളത്തില്‍ നിന്ന് 13 താരങ്ങള്‍ 

എസ് ശ്രീശാന്തിന് പുറമെ റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം ഡി നിധീഷ്, വിഷ്‌ണു വിനോദ്, ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ എം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള താരങ്ങള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന വിലകൂടിയ താരം. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്ത് രണ്ടാമതും. 

കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ഇത്തവണയും 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് ലേലത്തില്‍ പങ്കെടുക്കും. വിഷ്ണു വിനോദും 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന കെ എം ആസിഫ്(20 ലക്ഷം), സണ്‍റൈസേഴ്സ് താരമായിരുന്ന ബേസില്‍ തമ്പി(30 ലക്ഷം), സച്ചിന്‍ ബേബി(20 ലക്ഷം), ജലജ് സക്സേന(30 ലക്ഷം), മിഥുന്‍ എസ്(20ലക്ഷം), രോഹന്‍ കുന്നുമേല്‍(20 ലക്ഷം), എം ഡി നിഥീഷ്(20 ലക്ഷം), ഷോണ്‍ റോജര്‍(20ലക്ഷം), സിജോമോന്‍ ജോസഫ്(20ലക്ഷം) എന്നിങ്ങനെയാണ് ലേലപട്ടികയിലുള്ള കേരളാ താരങ്ങളുടെ അടിസ്ഥാനവില.

IPL Auction 2022 : കോടികളൊഴുക്കാന്‍ ഫ്രാഞ്ചൈസികള്‍, താരലേലത്തിന് ബെംഗളൂരു ഒരുങ്ങി; ഇവര്‍ ശ്രദ്ധേയ താരങ്ങള്‍