വാശിയേറിയ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് 11.50 കോടി മുടക്കി വെടിക്കെട്ട് വീരനെ ടീമിലെത്തിച്ചു

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിന്‍റെ (IPL Auction 2022) രണ്ടാംദിനം ആവേശത്തീപടര്‍ത്തി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റൺ (Liam Livingstone). വാശിയേറിയ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് (Punjab Kings) 11.50 കോടി മുടക്കി വെടിക്കെട്ട് വീരനെ ടീമിലെത്തിച്ചു.

ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. അതേസമയം ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാനാളുണ്ടായില്ല. താരലേലം പുരോഗമിക്കുകയാണ്. 

ആകാംക്ഷ ശ്രീശാന്തില്‍

503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ് ശ്രീശാന്ത് ഐപിഎല്ലില്‍ തിരിച്ചെത്തുമോ എന്നതാണ് ഇന്നത്തെ വലിയ ആകാംക്ഷ. 

ഇതുവരെ താരം ഇഷാന്‍

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ തുകയ്‌ക്ക് നിലനിര്‍ത്തിയതാണ് ലേലത്തിന്‍റെ ആദ്യദിനം ശ്രദ്ധേയമായത്. ഇത്തവണ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായി 15.25 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിര്‍ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മുംബൈ ഉറച്ചു തന്നെയായിരുന്നു.