ബാംഗ്ലൂര്‍ ടീമിന്‍റെ ട്രയല്‍സില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. ബാംഗ്ലൂര്‍ ടീം മാനേജ്മെന‍്‍റിലെ ആരുമായും നേരിട്ടോ ഫോണിലോ പോലും സംസാരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ആര്‍സിബി ലേലത്തില്‍ എന്നെ വിളിച്ചപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്.
ബെംഗലൂരു: കഴിഞ്ഞ ആഴ്ച നടന്ന ഐപിഎല്‍ മെഗാതാരലേലത്തില്‍(IPL Auction 2022) പ്രതീക്ഷിക്കാത്ത പലരെയും ടീമുകള്‍ പൊന്നുംവില കൊടുത്ത് വിളിച്ചെടുക്കുകയും പ്രതീക്ഷിച്ച പലരും തഴയപ്പെടുകയും ചെയ്തതിന്‍റെ അമ്പരപ്പ് ആരാധകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. താരലലേത്തിന് മുമ്പെ വിരാട് കോലിയെയും(Virat kohli) ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(Glenn Maxwell) മുഹമ്മദ് സിറാജിനെയും(Mohammed Siraj) നിലനിര്‍ത്തിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(RCB) 22 കളിക്കാരെയാണ് ലേലത്തില്‍ വിളിച്ചെടുത്തത്.
കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ഓപ്പണറായിരുന്ന ഫാഫ് ഡൂപ്ലെസി, ദിനേശ് കാര്‍ത്തിക്, ജോഷ് ഹേസല്‍വുഡ് എന്നീ വമ്പന്‍മാരെ സ്വന്തമാക്കിയ ബാംഗ്ലൂര്‍ പത്തു കോടിയലധികം നല്‍കി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ടീമിലെടുത്തതിനൊപ്പം 10 കോടിയിലേറി നല്‍കി ഹര്‍ഷല്‍ പട്ടേലിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. ഇതിന് പുറമെ നിരവധി യുവതാരങ്ങളെയും ബാംഗ്ലൂര്‍ ലേലത്തില്‍ വിളിച്ചെടുത്തിരുന്നു.
ഇത്തരത്തില്‍ അപ്രതീക്ഷിതമായി ബാംഗ്ലൂര്‍ ടീമിലെത്തിയ കളിക്കാരനാണ് കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്ന മഹിപാല്‍ ലോമറോര്‍(Mahipal Lomror). 95 ലക്ഷം രൂപക്കാണ് 22കാരനായ ലോമറോറെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. എന്നാല്‍ താരലേലത്തില്‍ ബാംഗ്ലൂര്‍ തന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് ലോമറോര്‍.
Also Read:എനിക്ക് കണ്ണീരടക്കാനായില്ല, വിരാട് കോലി നല്‍കിയ അമൂല്യ സമ്മാനത്തെക്കുറിച്ച് സച്ചിന്‍
ബാംഗ്ലൂര്‍ ടീമിന്‍റെ ട്രയല്‍സില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. ബാംഗ്ലൂര്‍ ടീം മാനേജ്മെന‍്‍റിലെ ആരുമായും നേരിട്ടോ ഫോണിലോ പോലും സംസാരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ ആര്‍സിബി ലേലത്തില്‍ എന്നെ വിളിച്ചപ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. ലേലത്തിനുശേഷം ആര്‍സിബി ഡയറക്ടറായ മൈക് ഹെസണും സഞ്ജയ് ബംഗാറും എന്നെ വിളിച്ച് സംസാരിച്ചിരുന്നു-ലോമറോര്‍ പറഞ്ഞു.
വിരാട് കോലിക്കും ഗ്ലെന്‍ മാക്സ്‌വെല്ലിനും ദിനേശ് കാര്‍ത്തിക്കിനും ഒപ്പം കളിക്കാന്‍ ലഭിച്ച അവസരത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ലോമറോര്‍ പറഞ്ഞു. ആര്‍സിബിയില്‍ കളിക്കുന്നത് എന്‍റെ കരിയറില്‍ വലിയ പാഠമാകും. കാരണം, സമകാലീന ക്രിക്കറ്റിലെ മഹാനായ കളിക്കാരനാണ് കോലി, കാര്‍ത്തിക്കിനെതിരെ ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി തവണ ഞാന്‍ കളിച്ചിട്ടുണ്ട്. മികച്ച ഫിനിഷറാണ് അദ്ദേഹം. ആര്‍സിബിയിലും എനിക്ക് ഫിനിഷറുടെ റോളായിരിക്കുമെന്നാണ് കരുതുന്നത്. മാക്സ്‌വെല്‍ ആകട്ടെ സമകീലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. ഇവരില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനാവും-ലോമറോര്‍ പറഞ്ഞു.
അടുത്ത സീസണില്‍ പുതിയ നായകന് കീഴിലായിരിക്കും ആര്‍സിബി കളത്തിലിറങ്ങുക. കഴിഞ്ഞ സീസണൊടുവില്‍ നായകസ്ഥാനം രാജിവെച്ച വിരാട് കോലിക്ക് പകരം ഗ്ലെന്‍ മാക്സ്‌വെല്ലോ, ഫാഫ് ഡൂപ്ലെസിയോ ആര്‍സിബി നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് മാക്സ്‌വെല്ലിന് സീസണില്‍ തുടക്കത്തില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ ഡൂപ്ലെസിയാവും ആര്‍സിബിയെ നയിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍സിബിക്ക് നിരവധി പേരുണ്ടെന്ന് ലോമറോര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയെ നയിച്ച അനുഭവസമ്പത്തുളള ഡൂപ്ലെസിയും മാക്സ്‌വെല്ലും കൊല്‍ക്കത്തയുടെ നായകനായിരുന്ന ദിനേശ് കാര്‍ത്തിക്കും ടീമിലുണ്ട്. ദിനേശ് കാര്‍ത്തിക്ക് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച നായകന്‍മാരിലൊരാളാണെന്നും അതുകൊണ്ടുതന്നെ ആര്‍സിബിക്ക് മുന്നില്‍ നിരവധി സാധ്യതകളുണ്ടെന്നും ലോമറോര്‍ പറഞ്ഞു.
റോയല‍്‍ ചലഞ്ചേഴ്സ് ടീം:
ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങള്‍: Virat Kohli (Rs 15 crore), Glenn Maxwell (Rs 11 crore), and Mohammed Siraj (Rs 7 crore).
ലേലത്തില്‍ വിളിച്ചെടുത്ത താരങ്ങള്‍, (ലേലത്തില്‍ ഓരോ കളിക്കാരനും മുടക്കിയ തുക ബ്രാക്കറ്റില്‍)
Faf du Plessis (Rs 7 crore), Harshal Patel (Rs 10.75 crore), Wanindu Hasaranga (Rs 10.75 crore), Dinesh Karthik (Rs 5.50 crore), Josh Hazlewood (Rs 7.75 crore), Shahbaz Ahamad (Rs 2.4 crore), Anuj Rawat (Rs 3.4 crore), Akash Deep (Rs 20 lakh), Mahipal Lomror (Rs 95 lakh), Finn Allen (Rs 80 lakh), Sherfane Rutherford (Rs 1 crore), Jason Behrendorff (Rs 75 lakh), Suyash Prabhudessai (Rs 30 lakh), Chama Milind (Rs 25 lakh), Aneeshwar Gautam (Rs 20 lakh), Karn Sharma (Rs 50 lakh), Siddharth Kaul (Rs 75 lakh), Luvnith Sisodia (Rs 20 lakh), David Willey (Rs 2 crore)
