2013ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന ടെസ്റ്റും കളിച്ച് ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാന്‍. കണ്ണീരടക്കാനാവാതെയാണ് ഞാന്‍ ഔട്ടായി ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയത്. എനിക്കറിയാമായിരുന്നു ഞാന്‍ വിരമിക്കാന്‍ പോകുകയാണെന്ന്. ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ ഞാന്‍ ബാറ്റിംഗിന് ഇറങ്ങില്ലെന്ന്,
മുംബൈ: കളി മികവുകൊണ്ടും കണക്കുകള്‍ കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ബാറ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(Sachin Tendulkar) യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട കളിക്കാരനാണ് വിരാട് കോലി(Virat Kohli). സച്ചിന്‍റെ പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരവും. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റിംഗ് ഫോം മങ്ങിയിലായില്ലായിരുന്നെങ്കില്‍ സച്ചിന്‍റെ റെക്കോര്‍ഡുകള്‍ പലതും ഇപ്പോള്‍ തന്നെ കോലിയുടെ പേരിലാവുമായിരുന്നു. അതുകൊണ്ടുതന്നെ ആരാധകര്‍ക്കിടയില്‍ സച്ചിനാണോ കോലിയാണോ കേമനെന്ന ചര്‍ച്ചകള്‍ എല്ലായ്പ്പോഴും സജീവമാണ്.
2011ലെ ഏകദിന ലോകകപ്പ് വിജയത്തിനുശേഷം സച്ചിനെ ചുമലിലേറ്റി ഗ്രൗണ്ട് ചുറ്റുന്ന വിരാട് കോലിയുടെ ചിത്രം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കഴിഞ്ഞ 23 വര്‍ഷം രാജ്യത്തിന്‍റെ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ ചുമലിലേറ്റിയ സച്ചിനെ ഇന്ന് ഞങ്ങള്‍ ചുമലിലേറ്റുന്നു എന്നായിരുന്നു കോലി അന്ന് അതേക്കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് വിരാട് കോലി നല്‍കിയ മറക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് തുറന്നു പറയുകയാണ് സച്ചിന്‍. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഗ്രഹാം ബെന്‍ സിംഗറുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികാരനിര്‍ഭരമായ ആ ഓര്‍മ സച്ചിന്‍ പങ്കുവെച്ചത്.
Also Read: യുവതാരത്തിന് ടി20 ടീമില്‍ സ്ഥാനമുണ്ടാവില്ലെന്ന സൂചന നല്‍കി രോഹിത്
2013ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന ടെസ്റ്റും കളിച്ച് ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാന്‍. കണ്ണീരടക്കാനാവാതെയാണ് ഞാന്‍ ഔട്ടായി ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയത്. എനിക്കറിയാമായിരുന്നു ഞാന്‍ വിരമിക്കാന്‍ പോകുകയാണെന്ന്. ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ ഞാന്‍ ബാറ്റിംഗിന് ഇറങ്ങില്ലെന്ന്, ആ ചിന്ത എന്നെ വല്ലാതെ സങ്കടത്തിലാഴ്ത്തി. അതുകൊണ്ടുതന്നെ പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലെ ഒരു മൂലയില്‍ തലയില്‍ ടവലിട്ട് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. എനിക്ക് കണ്ണീരടക്കാനായിരുന്നില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.

ആ സമയത്ത് വിരാട് എന്‍റെ അടുത്ത് വന്നു. എന്നിട്ട് അദ്ദേഹത്തിന്‍റെ അച്ഛന്‍ കെട്ടിക്കൊടുത്ത പാവനമായി അദ്ദേഹം കരുതുന്ന ഒരു ചരട് എന്‍റെ കൈയില്‍ തന്നു. അത് ഞാന്‍ കുറച്ചുനേരം എന്‍റെ കൈയില്‍ മുറുകെ പിടിച്ചു. എന്നിട്ട് അദ്ദേഹത്തിന് തന്നെ തിരികെ കൊടുത്തു. ഇത് അമൂല്യമായ ഒന്നാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. ഇത് നിന്‍റെയാണ്, വേറെ ആരുടെയുമല്ല, നിന്‍റെ അവസാനശ്വാസം വരെ നീ ഇത് കൈയില്‍ വെക്കണം. അതുപറഞ്ഞുകൊണ്ട് ഞാന്‍ ആ ചരട് വിരാടിനെ തിരിച്ചേല്‍പ്പിച്ചു. വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. എന്‍റെ ജീവിതത്തില്‍ ഓര്‍മയുള്ളിടത്തോളം കാലം ആ നിമിഷം എന്‍റെ മനസിലുണ്ടാവും-സച്ചിന്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ഇതേ പരിപാടിയില്‍ കോലി ആ നിമിഷം ഓര്‍ത്തെടുത്തിരുന്നു. ആ സമയം തന്‍റെ കൈയില്‍ വിലമതിക്കാനാവാത്തതായി ഉണ്ടായിരുന്നത് ആ ചരടായിരുന്നു. എന്‍റെ അച്ഛന്‍ എനിക്ക് തന്ന അമൂല്യനിധിയായിരുന്നു അത്. ചെറുപ്പം മുതലെ ഞങ്ങള്‍ കൈയില്‍ ചരട് കെട്ടുന്ന പതിവുണ്ടായിരുന്നു. അതുപോലെ എനിക്ക് അച്ഛന്‍ കെട്ടിത്തന്നതാണ് അത്. അതിനെക്കാള്‍ വിലകൂടിയ ഒന്നും എന്‍റെ ജീവിതത്തിലില്ല.
Also Read: മൂന്ന് മലയാളികൾ അവഗണിക്കപ്പെട്ടു, ഐപിഎല്‍ ലേലത്തെക്കുറിച്ച് സഞ്ജുവിന്‍റെ മുന്‍ പരിശീലകന്‍
എവിടെപ്പോയാലും ആ ചരട് എന്‍റെ ബാഗിലുണ്ടാവും. അത്രമേല്‍ വിലമതിക്കാനാവാത്തതാണെങ്കിലും സച്ചിനോടുള്ള ആദരവും ആരാധനയും കാരണം ഞാന്‍ ആ ചരട് അദ്ദേഹത്തിന് നല്‍കാന്‍ തയാറായി. അതിലെനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതുപോലുമില്ല. ഇത് എന്‍റെ ചെറിയ സമ്മാനമാണെന്ന് പറഞ്ഞായിരുന്നു ഞാനത് അദ്ദേഹത്തിന് നല്‍കിയത്. കാരണം, സച്ചിന്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്നും ഞങ്ങളെയൊക്കെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്നും എനിക്കറിയാമായിരുന്നു-കോലി പറഞ്ഞു.
