Asianet News MalayalamAsianet News Malayalam

IPL Auction 2022 : ലേലത്തിനില്ലേലും സസൂക്ഷ്‌മം വീക്ഷിച്ച് പ്രീതി സിന്‍റ; കയ്യടിക്കുന്നത് മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്‍ മെഗാതാരലേലം രണ്ടാംദിനത്തിലേക്ക് കടക്കുമ്പോള്‍ മികച്ച താരങ്ങളെ പാളയത്തിലെത്തിക്കാന്‍ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് വാശിയോടെ മത്സരിക്കും

IPL Auction 2022 Preity Zinta Lauds Mumbai Indians for a special reason
Author
Bengaluru, First Published Feb 13, 2022, 11:10 AM IST

ബെംഗളൂരു: ഇക്കുറി ഐപിഎല്‍ താരലേലത്തിലെ (IPL Auction 2022) അസാന്നിധ്യം ബോളിവുഡ് താരവും പഞ്ചാബ് കിംഗ്‌സ് (Punjab Kings) സഹഉടമയുമായ പ്രീതി സിന്‍റയാണ് (Preity Zinta). ആദ്യദിനത്തിലെ ലേലത്തില്‍ പണപ്പെട്ടി തുറന്ന് ഫ്രാഞ്ചൈസികള്‍ വാശിയോടെ മത്സരിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) ഒരു കാരണത്താല്‍ പ്രശംസകൊണ്ടുമൂടി പ്രീതി സിന്‍റ. താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയതിനല്ല മുംബൈക്ക് പ്രീതി സിന്‍റയുടെ കയ്യടി. 

താരലേലത്തില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് മാസ്‌ക് അണിഞ്ഞ് മുംബൈ ഇന്ത്യന്‍സ് അംഗങ്ങളെല്ലാം പങ്കെടുത്തതാണ് പ്രീതി സിന്‍റയുടെ മനംകവര്‍ന്നത്. മുംബൈ ഇന്ത്യന്‍സിന് ട്വിറ്ററിലൂടെയാണ് പ്രീതി സിന്‍റയുടെ കയ്യടി. 

ഐപിഎല്‍ മെഗാതാരലേലം രണ്ടാംദിനത്തിലേക്ക് കടക്കുമ്പോള്‍ മികച്ച താരങ്ങളെ പാളയത്തിലെത്തിക്കാന്‍ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് വാശിയോടെ മത്സരിക്കും. രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈക്ക് 27.85 കോടി രൂപയാണ് അക്കൗണ്ടില്‍ അവശേഷിക്കുന്നത്. പഞ്ചാബിന്‍റെ പക്കല്‍ 28.65 കോടിയും. ശിഖര്‍ ധവാനെ 8.25 കോടിക്ക് സ്വന്തമാക്കി ഇന്നലെ താരലേലത്തിന്‍റെ ആദ്യദിനം താരവേട്ട തുടങ്ങിയത് പഞ്ചാബ് കിംഗ്‌സാണ്. 

മുംബൈ ഇന്ത്യന്‍സ്

ബാക്കിയുള്ള തുക: 27.85 കോടി

ടീം ഇതുവരെ : രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഡിവാള്‍ഡ് ബ്രേവിസ്, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുമ്ര, എം അശ്വിന്‍, ബേസില്‍ തമ്പി.

പഞ്ചാബ് കിംഗ്‌സ്

ബാക്കിയുള്ള തുക: 28.65 കോടി

ടീം ഇതുവരെ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ജോണി ബെയര്‍സ്‌റ്റോ, ജിതേശ് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിംഗ്, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, ഇഷാന്‍ പോറല്‍. 

അമേരിക്കയിലുള്ള തനിക്ക് ഇപ്പോള്‍ താരലേലത്തിനായി ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ടെന്നും പ്രീതി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രീതി സിന്‍റ ഉടമയായ പ‍ഞ്ചാബ് കിംഗ്സാണ് ഏറ്റവും കൂടുതൽ തുകയുമായി താരലേലത്തിൽ എത്തിയത്. ലേലം തുടങ്ങുമ്പോള്‍ 72 കോടി രൂപ പഞ്ചാബിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നു. മായങ്ക് അഗര്‍വാളിനെയും (12 കോടി) അര്‍ഷ്‌ദീപ് സിംഗിനേയും (4 കോടി) മാത്രമായിരുന്നു പഞ്ചാബ് നിലനിര്‍ത്തിയിരുന്നത്.

IPL Auction 2022 : ആരാണീ അഭിനവ് മനോഹർ, ബേബി ഡിവിലിയേഴ്സിനും എന്തുകൊണ്ട് ഇത്ര പണം? 

Follow Us:
Download App:
  • android
  • ios