ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കായും വാശിയേറിയ ലേലം നടക്കും
ബെംഗളൂരു: ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ (IPL Auction 2022) ആദ്യവിളിയെത്തിയത് മാര്‍ക്വീ താരം ശിഖര്‍ ധവാന് (Shikhar Dhawan). വാശിയേറിയ ലേലത്തില്‍ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. 10 മാര്‍ക്വീ താരങ്ങളുടെ ലേലം പുരോഗമിക്കുകയാണ്. രണ്ട് കോടി രൂപയാണ് മാര്‍ക്വീ താരങ്ങളുടെ അടിസ്ഥാന വില. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കായും വാശിയേറിയ ലേലം ഇന്ന് നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരിച്ചെത്താന്‍ ശ്രീ
മലയാളി ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്. 2013ന് ശേഷം ആദ്യമായി ഐപിഎല്‍ ടീമില്‍ എത്താമെന്ന് ശ്രീശാന്ത് പ്രതീക്ഷിക്കുന്നു. 50 ലക്ഷം രൂപയാണ് താരത്തിന്‍റെ അടിസ്ഥാനവില.
ലേലം തല്‍സമയം കാണാം
രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ തീപാറും ലേലംവിളിയാണ് ബെംഗളൂരുവില്‍ ആരംഭിച്ചിരിക്കുന്നത്. ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലത്തിന്‍റെ ഓരോ കരുനീക്കങ്ങളും ആരാധകര്‍ക്ക് നേരില്‍ വീക്ഷിക്കാം. ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ലൈവ് സ്‌ട്രീമിംഗുമുണ്ട്.
