ഇത്തവണ വെറ്ററന്‍ താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ചെന്നൈയുടെ കിരീടങ്ങളില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു.
കേപ്ടൗണ്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) നന്ദി പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസ് (Faf Du Plessis). കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമായിരുന്നു ഫാഫ്. എന്നാല്‍ ഇത്തവണ വെറ്ററന്‍ താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ചെന്നൈയുടെ കിരീടങ്ങളില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു.
ഇത്തവണ, 37 കാരനായ ഫാഫ് ഡുപ്ലെസിക്കായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുടക്കിയത് ഏഴ് കോടി രൂപ. കഴിഞ്ഞ സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനക്കാരനായ ഡുപ്ലെസിയെ ബാറ്റിംഗ് മാത്രം മുന്നില്‍ കണ്ടല്ല ബാംഗ്ലൂര്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. വിരാട് കോലി ഒഴിഞ്ഞ നായകസ്ഥാനത്തേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള താരമാണ് ഡുപ്ലെസി. ബാംഗ്ലൂരിലേക്ക് മാറേണ്ടിവന്നെങ്കിലും ഡുപ്ലെസി ധോണിയെയും സംഘത്തേയും മറക്കുന്നില്ല. ടീ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ മുന്‍താരമായ ഡുപ്ലെസിയില്‍ കോലിക്കും പൂര്‍ണവിശ്വാസം. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനായ ഡുപ്ലെസി ടീമിന്റെ നായകനായേക്കുമെന്ന് ലേലത്തിന്റെ ആദ്യദിനം ബാംഗ്ലൂര്‍ സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേലും പറയുന്നു. ഡുപ്ലെസിക്കൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ബാംഗ്ലൂര്‍ നായകനായി പരിഗണിച്ചേക്കുമെന്നാണ് ടീം ഡയറക്ടര്‍ മൈക് ഹെസ്സന്‍ നല്‍കുന്ന സൂചന.
നേരത്തെ, ഫാഫിന്റെ അഭാവം വളരെ വലുതായിരിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും വ്യക്താക്കിയിരുന്നു. ചെന്നൈയുടെ ഓപ്പണറായിരുന്നു ഫാഫ്. പുതിയ സീസണ്‍ തുടങ്ങാനിരിക്കെ റിതുരാജ് ഗെയ്കവാദിന്റെ കൂട്ടാളിയെ തേടുകയാണ് ചെന്നൈ.
