ലങ്കയുടെ കുശാല്‍ മെന്‍ഡിസിനും ആളുണ്ടായില്ല. രണ്ട് കോടി അടിസ്ഥാന വിലയില്‍ ടോം ബാന്‍ഡമിനായി ആരും രംഗത്തുവന്നില്ല. 

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ ക്യാപ്‌ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഉയര്‍ന്ന വില വെസ്റ്റ് ഇന്‍ഡീസിന്‍റെ നിക്കോളാസ് പുരാന്. 16 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് പുരാനെ സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. താരത്തിനായി അവസാന നിമിഷം വരെ ഡല്‍ഹി ക്യാപിറ്റല്‍സുമുണ്ടായിരുന്നു. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഹെന്‍‌റിച് ക്ലാസനെ 5.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശിന്‍റെ ലിറ്റണ്‍ ദാസിനെ ആരും സ്വന്തമാക്കിയില്ല. ലങ്കയുടെ കുശാല്‍ മെന്‍ഡിസിനും ആളുണ്ടായില്ല. രണ്ട് കോടി അടിസ്ഥാന വിലയില്‍ ടോം ബാന്‍ഡമിനായി ആരും രംഗത്തുവന്നില്ല. 

ഓള്‍റൗണ്ടര്‍മാരില്‍ സാം കറന്‍ രാജാവ്

ആവേശമായിരുന്നു ഓള്‍റൗണ്ടര്‍മാര്‍ക്കായുള്ള ലേലം. ട്വന്‍റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്. സാം കറനായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തുടക്കത്തില്‍ ലേലത്തില്‍ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും എത്തിയതോടെ ലേലം കടുത്തു. 16.25 കോടി രൂപയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും എത്തിയതോടെ ലേലം പാരമ്യതയിലെത്തി. ഇതിന് ശേഷം 17.25 കോടി രൂപയുമായി മുംബൈ ലേലത്തിലേക്ക് അതിശക്തമായി തിരിച്ചുവന്നു. പഞ്ചാബ് വിട്ടുകൊടുത്തില്ല. ഒടുവില്‍ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സാമിനെ സ്വന്തമാക്കുകയായിരുന്നു. 

പ്രതീക്ഷിച്ചതുപോലെ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായും വാശിയേറിയ ലേലം നടന്നു. ഡല്‍ഹി ക്യാപിറ്റല്‍സുമായ പോരാട്ടത്തിനൊടുവില്‍ 17.50 കോടിക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സിനും പ്രതീക്ഷിച്ച വില കിട്ടി. 16.25 കോടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കിംഗ് ബെന്നിനായി പണപ്പെട്ടി തുറന്നത്. സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയെ 50 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒഡീന്‍ സ്‌മിത്തിനെ 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സും ജേസന്‍ ഹോള്‍ഡറെ 5.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി. 

18.50 കോടി; മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് സാം കറനെ ചാക്കിലാക്കി പഞ്ചാബ് കിംഗ്‌സ്