ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ ആദ്യ ഘട്ടത്തില്‍ ടീമുകളൊന്നും സ്വന്തമാക്കാതിരുന്ന റൈലി റൂസ്സോയെ 4.60 കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററായ റൂസ്സോ ഇന്‍ഡോറില്‍ ഇന്ത്യക്കെതിരെ 48 പന്തില്‍ സെഞ്ചുറി തികച്ചിരുന്നു. റൈലിക്കായി രാജസ്ഥാന്‍ റോയല്‍സ് അവസാന നിമിഷം വരെ മത്സരരംഗത്തുണ്ടായിരുന്നു. മുമ്പ് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. 

അതേസമയം ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ സ്വന്തമാക്കാന്‍ ആരുമുണ്ടായില്ല. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ ആക്കീല്‍ ഹൊസീനെ സണ്‍റൈസേഴ്‌സ് അടിസ്ഥാന വിലയായ ഒരു കോടിക്ക് റാഞ്ചി. ഓസീസ് സ്‌പിന്നര്‍ ആദം സാംപയെ 1.50 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റര്‍ മന്ദീപ് സിംഗിനെ 50 ലക്ഷത്തിന് കെകെആര്‍ പാളയത്തിലെത്തിച്ചപ്പോള്‍ പ്രോട്ടീസ് താരങ്ങളായ റാസ്സീ വാന്‍ ഡെര്‍ ഡസ്സനും വെയ്‌ന്‍ പാര്‍നലിനുമായി ടീമുകളുണ്ടായില്ല. അഫ്‌ഗാന്‍ ഓള്‍റൗണ്ടര്‍ നവീന്‍ ഉള്‍ ഹഖ് 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ലഖ്‌നൗവിലെത്തി. ദില്‍ഷന്‍ മധുശനക, ലൂക്ക് വുഡ്, പ്രശാന്ത് ചോപ്ര തുടങ്ങിയവര്‍ക്കായും ആരും രംഗത്ത് വന്നില്ല. 

താരലേലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ വിഷ്‌ണുവിനെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം.

വിഷ്‌ണു വിനോദ് ഇനി മുംബൈ ഇന്ത്യന്‍സിന്‍റെ നീലക്കുപ്പായത്തില്‍