തൊട്ടുപിന്നില്‍ 10.75 കോടി വീതം ലഭിച്ച ഷാര്‍ദുല്‍ ഠാക്കൂറും (ഡല്‍ഹി കാപിറ്റല്‍സ്) ഹര്‍ഷല്‍ പട്ടേലും (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍). ഹല്‍ഷലിനെ ആര്‍സിബി തിരിച്ചെത്തിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പാണ് ഹര്‍ഷല്‍.

മുംബൈ: ഐപിഎല്‍ മെഗാതാരതലേലത്തിലൂടെ (IPL Auction) 204 കളിക്കാരെയാണ് 10 ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുത്തത്. ഇതില്‍ 67 പേര്‍ വിദേശ താരങ്ങളായിരുന്നു. മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്ത ഇഷാന്‍ കിഷന്‍ (Ishan Kishan) മൂല്യമേറിയ താരമായി 15.25 കോടിയാണ് കിഷന് വേണ്ടി മുടക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ടീമിലെത്തിച്ച ദീപക് ചാഹറിന് 14 കോടി ലഭിച്ചു. കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിച്ച ശ്രേയസ് അയ്യറിന് 12.25 കോടിയും ലഭിച്ചു.

11.5 കോടി ലഭിച്ച ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്‌സ്റ്റണാണ് നാലാമത്. പഞ്ചാബ് കിംഗ്‌സിലാണ് ലിവിംഗ്‌സറ്റണ്‍. തൊട്ടുപിന്നില്‍ 10.75 കോടി വീതം ലഭിച്ച ഷാര്‍ദുല്‍ ഠാക്കൂറും (ഡല്‍ഹി കാപിറ്റല്‍സ്) ഹര്‍ഷല്‍ പട്ടേലും (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍). ഹല്‍ഷലിനെ ആര്‍സിബി തിരിച്ചെത്തിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പാണ് ഹര്‍ഷല്‍. ഇതിനിടെ യുവതാരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. 

ഹര്‍ഷലിന് താരലേലത്തില്‍ ലഭിച്ച തുക അര്‍ഹിച്ചതാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഗവാസ്‌കറുടെ വാക്കുകള്‍... ''കഴിഞ്ഞ വര്‍ഷം അവിസ്മരണീയ പ്രകടനമാണ് താരം പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ഇത്തവണ ലഭിച്ച തുക അവന്‍ അര്‍ഹിക്കുന്നു. ഹര്‍ഷലിന്റെ പ്രധാന സവിശേഷത അദ്ദേഹം സ്വയം മാറ്റിയെടുത്തുവെന്നുള്ളതാണ്. മുമ്പ് ഹര്‍ഷല്‍ ബാറ്റര്‍മാര്‍ കാത്തിരിക്കുന്ന ബൗളറായിരുന്നു. കാരണം ബൗളിംഗില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നന്നായി റണ്‍സ് വഴങ്ങുകയും ചെയ്തു. എന്നാല്‍ അദ്ദേഹം തിരിച്ചടികളില്‍ നിന്ന് പഠിച്ചു. ഇന്ന് ബാറ്റര്‍മാര്‍ക്ക് ഹര്‍ഷലിനെ നേരിടാന്‍ താല്‍പര്യമില്ല. കാരണം ഏത് തരത്തിലുള്ള പന്താണ് അദ്ദേഹം എറിയുന്നതെന്ന് ബാറ്റര്‍ക്ക് ഒരുറപ്പുമുണ്ടാവില്ല.'' ഗവാസ്‌കര്‍ പറഞ്ഞു. 

കഴിഞ്ഞ സീസണില്‍ 32 വിക്കറ്റുകലാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന റെക്കോര്‍ഡ് പങ്കിടാനും ഹര്‍ഷലിനായി. ആര്‍സിബിയില്‍ എത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ ബൗളിംഗില്‍ ഇത്രത്തോളം പുരോഗതി ഉണ്ടായത്. 

ഇക്കാര്യത്തെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ''ഹര്‍ഷലിന് നന്നായി യോര്‍ക്കര്‍ എറിയാന്‍ സാധിക്കും. അതുപോലെ സ്ലോവര്‍ ബൗണ്‍സറുകളും. അതുപോലെ തെന്നിത്തെറിക്കുന്ന പന്തുകളും ഹര്‍ഷലിന്റെ കൈവശമുണ്ട്. ഇതെല്ലാം എപ്പോഴൊക്കെ ഉപയോഗിക്കണമെന്നും ഹര്‍ഷലിന് നന്നായി അറിയാം. അത്രത്തോളം പരിചയസമ്പത്ത് അവനുണ്ട്. ഒരുപാട് സീസണായി ഐപിഎല്‍ കളിക്കുന്ന ഹര്‍ഷല്‍ ഓരോ ഘട്ടത്തിലും പുരോഗതി നേടികൊണ്ടിരിക്കുകയാണ്.'' ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. നാല് ഓവറില്‍ വഴങ്ങിയത് 37 റണ്‍സ്. മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.