രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ(Shikhar Dhawan) വാശിയേറിയ ലേലത്തില്‍ 8.25 കോടിക്ക് പ‍ഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അ‍ഞ്ച് കോടിക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയപ്പോള്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്ത തിരിച്ചുപിടിച്ചു.

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022 ) പ്രതീക്ഷിച്ചതുപോലെ മാര്‍ക്വീ താരങ്ങള്‍ക്കായി കനത്ത പോര്. ശിഖര്‍ ധവാനിലൂടെ തുടങ്ങിയ ലേലം അവസാനിച്ചപ്പോള്‍ പണസഞ്ചിയില്‍ നിന്ന് കോടികള്‍ ഒഴുകി. അഭ്യൂഹങ്ങള്‍ പോലെ ശ്രേയസ് അയ്യര്‍ (Shreyas Iyer) മാര്‍ക്വീ താരങ്ങളില്‍ ഉയര്‍ന്ന വില സ്വന്തമാക്കി. 12.25 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ശ്രേയസിനെ റാഞ്ചിയത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ(Shikhar Dhawan) വാശിയേറിയ ലേലത്തില്‍ 8.25 കോടിക്ക് പ‍ഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അ‍ഞ്ച് കോടിക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയപ്പോള്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ(Pat Cummins ) 7.25 കോടിക്ക് കൊല്‍ക്കത്ത തിരിച്ചുപിടിച്ചു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ്(Kagiso Rabada) ലേലത്തില്‍ ശ്രദ്ധ നേടിയ മറ്റൊരു താരം. ധവാന് പിന്നാലെ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് പാളയത്തിലെത്തിച്ചു. മുംബൈയുടെ വിശ്വസ്തനായിരുന്ന ട്രെന്‍റ് ബോള്‍ട്ടിനെ(Trent Boult) എട്ട് കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് പാളയത്തിലെത്തിച്ചപ്പോള്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് ഷമിയെ(Mohammad Shami) 6.25 കോടിക്ക് പുതിയ ടീമായ ഗുജറാത്ത് ലയണ്‍സ് ടീമിലെത്തിച്ചു.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീട നേട്ടത്തിലെത്തിച്ചതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഫാഫ് ഡൂപ്ലെസിയെ(Faf du Plessis) ടീമിലെത്തിക്കാനായത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നേട്ടമായി. ഏഴ് കോടി രൂപക്കാണ് ഡൂപ്ലെയിസെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്.

മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്‍റണ്‍ ഡീ കോക്കിനെ(de Kock ) 6.75 കോടി രൂപ മുടക്കി ലക്നോ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഡേവിഡ് വാര്‍ണറെ(David Warner) സ്വന്തമാക്കാാനായത് ഡല്‍ഹി ക്യാപിറ്റല്‍സിന് നേട്ടമായി. മുമ്പ് ഡല്‍ഹി താരമായിരുന്നു വാര്‍ണര്‍ 6.25 കോടി രൂപക്കാണ് പഴയ തട്ടകത്തില്‍ തിരിച്ചെത്തിയത്.