Asianet News MalayalamAsianet News Malayalam

പൊളിയല്ലേ പൊള്ളാർഡ്; മനംകവരുന്ന വാക്കുകളുമായി ജസ്പ്രീത് ബുമ്ര

ഇന്നാണ് കെയ്റോണ്‍ പൊള്ളാർഡ് ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നീണ്ട 13 വർഷം മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു പൊള്ളാർഡ്.

IPL Jasprit Bumrah wishes to Mumbai Indians legend Kieron Pollard will win your heart
Author
First Published Nov 15, 2022, 4:13 PM IST

മുംബൈ: ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുംബൈ ഇന്ത്യന്‍സ് ഇതിഹാസം കെയ്റോണ്‍ പൊള്ളാർഡിന് ആശംസകളുമായി ടീമിലെ സഹതാരം ജസ്പ്രീത് ബുമ്ര. മൈതാനത്ത് മിസ് ചെയ്യുമെങ്കിലും നെറ്റ്സില്‍ നമുക്ക് തുടരാം. അവിസ്മരണീയ കരിയറിന് അഭിനന്ദനങ്ങള്‍, പുതിയ ഇന്നിംഗ്സിന് എല്ലാ ആശംസകളും നേരുന്നതായുമാണ് ബുമ്രയുടെ ട്വീറ്റ്. മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ പൊള്ളാർഡിനൊപ്പം നില്‍ക്കുന്ന ചിത്രവും ബുമ്രയുടെ ട്വീറ്റിലുണ്ട്. മുംബൈ ഇന്ത്യന്‍സിനായി ദീർഘകാലമായി ഒന്നിച്ച് കളിച്ച താരങ്ങളാണ് ജസ്പ്രീത് ബുമ്രയും കെയ്റോണ്‍ പൊള്ളാർഡും.

ഇന്നാണ് കെയ്റോണ്‍ പൊള്ളാർഡ് ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നീണ്ട 13 വർഷം മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു പൊള്ളാർഡ്. പതിനാറാം സീസണായുള്ള മിനി താരലേലത്തിന് മുമ്പ് താരത്തെ മുംബൈ നിലനിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊള്ളാര്‍ഡിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. എന്നാല്‍ വരും സീസണില്‍ മുംബൈ പരിശീലക സംഘത്തിനൊപ്പം പൊള്ളാർഡ് തുടരും. ബാറ്റിംഗ് പരിശീലകനായാണ് വിന്‍ഡീസ് താരം മുംബൈ ടീമിനൊപ്പമുണ്ടാവുക.

മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നു. മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കിലും അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നും പൊള്ളാര്‍ഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരമാൃണ് പൊള്ളാര്‍ഡ് . ഐപിഎല്ലില്‍ 189 മത്സരങ്ങള്‍ പൊള്ളാര്‍ഡ് കളിച്ചു. മുംബൈ കുപ്പായത്തില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയ പൊള്ളാര്‍ഡ് 147.32 സ്ട്രൈക്ക് റേറ്റില്‍ 3412 റണ്‍സും 69 വിക്കറ്റും നേടി.

മുംബൈ ഇന്ത്യന്‍സ് മധ്യനിരയുടെ നെടുന്തൂണായും നിര്‍ണായക ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന മീഡിയം പേസറായും തിളങ്ങിയ പൊള്ളാർഡിന് കഴിഞ്ഞ സീസണ്‍ നിരാശയായിരുന്നു. 11 മത്സരങ്ങളില്‍ 134 പന്തില്‍ 144 റണ്‍സേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് താരത്തെ മുംബൈ കൈവിടുന്നതായി സൂചനകള്‍ പുറത്തുവന്നത്. 

മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

Follow Us:
Download App:
  • android
  • ios