മൊഹാലി: ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബും വഴിപിരിയുന്നതായി റിപ്പോര്‍ട്ട്. നായകന്‍ കൂടിയായ അശ്വിനെ കൈമാറാന്‍ കിംഗ്‌സ് ഇലവന്‍ മറ്റ് രണ്ട് ടീമുകളുമായി ചര്‍ച്ചയിലാണ് എന്ന് ബാംഗ്ലൂര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

അശ്വിന് കീഴില്‍ കഴിഞ്ഞ സീസണ്‍ കിംഗ്‌സ് ഇലവന് നിരാശയാണ് സമ്മാനിച്ചത്. 14 മത്സരങ്ങളില്‍ ആറെണ്ണം മാത്രം ജയിച്ച ടീം പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ആറാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറുമായുള്ള മങ്കാദിങ് വിവാദത്തില്‍പ്പെട്ടും കഴിഞ്ഞ സീസണില്‍ അശ്വിന്‍ പുലിവാല്‍പിടിച്ചിരുന്നു.  

ആശ്വിന് അത്ര വാര്‍ത്തകളല്ല ക്രിക്കറ്റ് ലോകത്തുനിന്നുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആന്‍റിഗ്വയില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ പ്ലെയിംഗ് ഇലവനില്‍ നിന്ന് അശ്വിന്‍ തഴയപ്പെട്ടു. അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജയ്‌ക്കാണ് ടീം ഇന്ത്യ അവസരം നല്‍കിയത്.